വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. നിലവിൽ 2402.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. നിലവിലെ സ്ഥിതി തുടർന്നാൽ വെള്ളിയാഴ്ച രാവിലെയോടെ തന്നെ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അണക്കെട്ടിൽ നിന്നും രാത്രിയിൽ കൂടുതൽ വെള്ളം തുറന്നുവിടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി.
നിലവിൽ സെക്കൻഡിൽ 1500 ഘനയടി വീതമാണ് ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. ഇത് സെക്കൻഡിൽ 2000 ഘനയടി ആക്കി ഉയർത്താനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. എന്നാൽ ഇതിന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. മഴക്കെടുതിയിൽ വലഞ്ഞുനിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ജലമൊഴുക്കി വിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. എറണാകുളം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വ്യക്തമാക്കി.
അതേസമയം, ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടാൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. ഇപ്പോൾ ഇടുക്കി അണക്കെട്ടിൽ നിന്നും 1500 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഒരു സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്. ഈ വെളളത്തിന്റെ അളവ് 2000 ആയി വർദ്ധിപ്പിക്കുമെന്ന് ചില മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതായി ശ്രദ്ധയിൽ പെട്ടു. ഉന്നതതലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു. തെറ്റിദ്ധാരണാജനകമായ വാർത്തകൾ കണ്ട് പൊതുജനങ്ങൾ ആശങ്കപ്പെടരുത് എന്ന് അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു
നിലവില്‍ കൊച്ചി നഗരത്തിലേക്കും വെള്ളം കയറിത്തുടങ്ങി. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ജലം സാരമായി ബാധിച്ചു തുടങ്ങി. ആലുവ , പെരുമ്പാവൂര്‍, കാലടി, പറവൂര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയ്ക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കൂടുതല്‍ അപകടകരമാംവിധം ജലനിരപ്പ് പെരിയാറില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ല വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവില്‍. പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഇതോടെ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകുകയാണ്. കൈവരികളായ തോടുകളും ആര്‍ത്തലച്ചു ഒഴുകുകയാണ്. പുതുക്കാട് വരെ വെള്ളത്തിലായ അവസ്ഥയാണ് നിലവില്‍.
പെരിയാര്‍ തീരത്തെ എഴുപത്തയ്യായിരം വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. ആലുവയും ചാലക്കുടിയും പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ആലുവയില്‍ സ്ഥിതി അതീവഗുരുതരമാകുകകയാണ്. മിക്ക പ്രദേശത്തും വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി കായലിലും ജലനിരപ്പ് ഉയരുകയാണ്. കൂടുതല്‍ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും രണ്ടു ദിവസമായിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലുമായിട്ടില്ലെന്നും റൂറല്‍ എസ്പി അറിയിച്ചു. അതേസമയം കേരളത്തിലേക്ക് കൂടുതല്‍ കേന്ദ്രസേനയെത്തും.
ചാലക്കുടി ടൗണിലും മുരിങ്ങൂരിലും വെള്ളം കയറി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും രണ്ടു കിലോമീറ്റര്‍ വരെ വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്. വീടുകളില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനാവാത്ത അവസ്ഥയാണ് സംജാതമാകുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയ നിലയിലാണ്.ഇടുക്കിയിലെ പ്രധാന റോഡുകളെല്ലാം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. മൂന്നാര്‍ മൂന്നാം ദിവസവും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തകരെ കാത്ത് ആയിരങ്ങളാണ് വിവിധയിടങ്ങളില്‍ പ്രതീക്ഷയോടെ നിലകൊള്ളുന്നത്. കനത്ത മഴയില്‍ നെടുന്പാശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടുമെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

വയനാടിലെ തോട്ടം തൊഴിലാളികളും, ആദിവാസികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും:മുഖ്യമന്ത്രി
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ചുള്ള രക്ഷാ പ്രവര്‍ത്തനം നടത്തമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തും. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. ഫണ്ട് സര്‍ക്കാര്‍ നല്‍കും. ഒറ്റപ്പെട്ടുപോയവരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനായിട്ടില്ല . ഒഴിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
വയനാടിലെ തോട്ടം തൊഴിലാളികളും, ആദിവാസികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. രക്ഷിച്ചവരെ ഉയര്‍ന്ന ഇടങ്ങളില്‍ പാര്‍പ്പിക്കേണ്ടി വരും. കളക്ടര്‍മാര്‍ ഇത് ചെയ്യണം.രക്ഷാപ്രവര്‍ത്തനത്തിന് നാളെ മുതല്‍ കൂടുതല്‍ ഹെലികോപ്ടര്‍ ഉണ്ടാകും. ആലുവാ ചാലക്കുടി, റാന്നി ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ നല്‍കും. കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും നാളെത്തന്നെ രക്ഷിക്കും. തമിഴ്നാട് ഫയര്‍ഫോഴ്സ് ബോട്ടുള്‍പ്പെടെ നാളെ പുതുതായി 200 ബോട്ടുകള്‍ കൂടി എത്തും.
മഴ നാളെയും തുടരും. കൂടുതല്‍ ജാഗ്രത വേണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വ്യാജ വാര്‍ത്ത കര്‍ശന നടപടി എടുക്കും.കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടി വരും. ഇതിനായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്സൈസ് തീരുവ കൂട്ടി. അധിക വരുമാനം ദുരിതാശ്വാസത്തിന് ഉപയോഗിക്കും.