ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലേതില്‍ നിന്നും ശക്തമായ മഴയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം ജില്ലകളും ഇപ്പോഴും വെള്ളക്കെട്ടിലുമാണ്. ഈ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചു.
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതിനാലും അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജനങ്ങള്‍ പുഴയിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.
വയനാട്ടിൽ പ്രളയക്കെടുതിക്ക് ശമനമില്ല
സംസ്ഥാനത്ത് കാലവർഷം കനക്കുമ്പോൾ വയനാട് ജില്ലയിലെ പ്രളയക്കെടുതി ശമനമില്ലാതെ തുടരുകയാണ്. കാലവർഷത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമാണ് വയനാട് ജില്ല നേരിടുന്നത്. നാല് പേർ മരിക്കുകയും 18 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്ത ദുരിതത്തിൽ 530 വീടുകൾ ഭാഗികമായി തകർന്നു. 137 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനയ്യായിരത്തിലധികം പേരെ മാറ്റി താമസിപ്പിച്ചു
കാലവർഷം ആരംഭിച്ച് ഇത് വരെ 2669.27 മില്ലിമീറ്റർ മഴ ലഭിച്ചു. കാരാപ്പുഴയിൽ സമുദ്ര നിരപ്പിൽ നിന്ന് 758.2 മീറ്റർ ഉയരത്തിലും ബാണാസുര സാഗർ ഡാമിൽ 775.6 മീറ്റർ ഉയരത്തിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തിയതാണ് ദുരിതം വർദ്ധിച്ചത്. കോട്ടത്തറ പഞ്ചായത്തിലും പനമരത്തും വടക്കേ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലും സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന രക്ഷാപ്രവർത്തന പുറമെയാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും എയർ ഫോഴ്സ്, നാവിക സേന അംഗങ്ങളും സേവനത്തിനിറങ്ങിയിട്ടുള്ളത്.
കബനി നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ റവന്യൂ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നാവിക സേന രക്ഷപ്പെടുത്തി. രാവിലെ കബനിക്ക് സമീപം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട ആറ് പേരും രക്ഷപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. പാൽ വെളിച്ചം കക്കേരിയിൽ അഞ്ച് ആദിവാസി കുടുംബങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
അതേസമയം, കർണാടകയിൽ നിന്ന് വയനാട്ടിലേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. മൈസൂരിൽ നിന്ന് വയനാട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ ഊർജിത രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.
രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കളക്ടർ എ.ആർ അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവർ 9747707079, 9746239313, 9745166864 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ദേശീയ ദുരന്ത നിവാരണ സേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി.എസ്.സി), നാവികസേന എന്നിവരുടെ 150 സൈനികർ അടങ്ങിയ സംഘം ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യു സംഘവും പൊലീസും സമയോചിത ഇടപ്പെടൽ നടത്തുന്നുണ്ട്. മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ പേരും പങ്കാളികളാവണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
ആലുവയിൽ സൈന്യമെത്തി
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ആലുവയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ആർമി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 32 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് പൊലീസിനൊപ്പം പ്രവർത്തിക്കുന്നത്. നാല് കമ്പനി ദുരന്ത നിവാരണ സേന കൂടി ആലുവയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ ശക്തമായ മഴ, മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
1. ഉരുൾപൊട്ടൽ സാദ്ധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
2. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാദ്ധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
4. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
5. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
6. ഉരുൾപൊട്ടൽ സാദ്ധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
7. ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാല്‍; മാറി താമസിക്കുവാൻ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക.
9. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.