കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധറിലെത്തും. ബിഷപ്പിനെ ചോദ്യം ചെയ്യാനായി 55 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ബിഷപ്പിനൊപ്പമുള്ള ഉന്നത വൈദികരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോലീസിനെ നേരിടാന്‍ ബിഷപ്പ് ഫ്രാങ്കോയും എല്ലാ ഒരുക്കങ്ങളും തുടങ്ങി. അറസ്റ്റു വന്നാല്‍ പോലീസിനെ നേരിടാന്‍ വിശ്വാസികളായ ആളുകളെ വിളിച്ചുകൂട്ടാന്‍ ഫ്രാങ്കോയുടെ അസ്മാദിയായ ഫാ.ജോണ്‍ ഗേര്‍വാള്‍ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു.
ജലന്ധര്‍ രൂപതയിലെ എല്ലാ വൈദികര്‍ക്കും ഇതുസംബന്ധിച്ച് ഫ്രാങ്കോയുടെ അസ്മാദിയായ ഫാ.ജോണ്‍ ഗേര്‍വാള്‍ ൻറെ സര്‍ക്കുലര്‍ എത്തികഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ബിഷപ്പ് ഹൗസില്‍ എത്തുമ്പോഴേക്കും ഇടവകകളില്‍ നിന്നുുള്ള ജനങ്ങളും മറ്റ് വിശ്വാസികളും ബിഷപ്പ് ഹൗസിനു മുന്നില്‍ എത്തണമെന്നുമാണ് ഫാ.ജോണ്‍ ഗേര്‍വാള്‍ ഇറക്കിയിരിക്കുന്ന സര്‍ക്കുലറിലെ ആവശ്യം. അന്വേഷണവുമായി സഹകരിക്കുമെങ്കിലും ‘വേണ്ടാത്ത ഒരു റിപ്പോര്‍ട്ടുമായി പോലീസ് പോകാന്‍ പാടില്ല’. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റംവന്നാല്‍ എല്ലാവരേയും ഫോണില്‍ അറിയിക്കാമെന്നും വേദ ഉപദേശക വിഭാഗത്തിന്റെ ഡയറക്ടര്‍ ഫാ.ജോണ്‍ ഗേര്‍വാള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഇതിനിടെ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന് അയച്ച കത്ത് പുറത്ത് വന്നു. ജലന്ധര്‍ ബിഷപ്പ് തെറ്റായ ഉദേശത്തോടെ നേരിട്ടും ഫോണിലൂടെയും പെരുമാറിയെന്നും കത്തില്‍ പരാമര്‍ശം. കത്ത് പുറത്തായതോടെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ വാദം പൊളിയുകയാണ്.
പീഢനത്തിനിരയായ കന്യാസ്ത്രീ 2017 ജൂലൈ പതിനൊന്നിന് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന് അയച്ച കത്താണിത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മോശമായി നേരിട്ടും ഫോണിലൂടെയും തന്നോട് പെരുമാറി. ബിഷപ്പില്‍ നിന്നുണ്ടായ മോശം പെരുമാറ്റം മുഴുവന്‍ കത്തില്‍ വിവരിക്കാനാകാകില്ലെന്നും കന്യാസ്ത്രീ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന ഉജ്ജയിന്‍ ബിഷപ്പ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കത്ത് പുറത്തായതോടെ പൊളിഞ്ഞിരിക്കുകയാണ്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലുമായി ചില പ്രശ്നങ്ങളുണ്ടെന്നും ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നതായാണ് ഉജ്ജയിന്‍ ബിഷപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. കൂടാതെ സഭയിലെ ഭരണപരമായ ചില പ്രശ്നങ്ങളെക്കുറിച്ച് കന്യാസ്ത്രീ നേരിട്ടും ഇ-മെയിലിലൂടെയും പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണസംഘത്തോട് വിശദമാക്കിയിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന അന്വേഷണ സംഘം നിലവില്‍ വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്ന് മൊഴിയെടുക്കേണ്ടന്ന് തീരുമാനിച്ചിട്ടുണ്ട്.
