സങ്കുചിത മത, വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘വര്‍ഗീയത നിര്‍വീര്യമാക്കുന്നതില്‍ കലാ, സിനിമാപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിര്‍ഭയം കലാപ്രവര്‍ത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിര്‍ത്താനാകണം. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരന്‍മാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ വേണം,’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചലച്ചിത്രരംഗത്തിന്റെ പുരോഗമനസ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡുകളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത മാനവമൂല്യം പുലര്‍ത്തുന്ന സൃഷ്ടികള്‍ അംഗീകാരം കിട്ടിയവയില്‍ ഏറെയുണ്ടെന്നും, തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരങ്ങള്‍ പാര്‍വതിയും ഇന്ദ്രന്‍സും ഏറ്റുവാങ്ങി. ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്കു സമ്മാനിച്ചു. മികച്ച ചിത്രമായ ഒറ്റമുറി വെളിച്ചത്തിന്റെ നിര്‍മ്മാതാവ് രാഹുല്‍ റിജി നായര്‍, സംവിധായകനായ ലിജോ ജോസ് പെല്ലിശേരി (ചിത്രം- ഇ.മ.യൗ), സ്വഭാവ നടന്‍ അലന്‍സിയര്‍, നടി പോളി വല്‍സന്‍ എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍നിന്നു സംവിധായകരായ ടി.വി. ചന്ദ്രനും ഡോ. ബിജുവും വിട്ടുനിന്നു. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള(റിയലിസത്തിന്റെ യാഥാര്‍ഥ്യങ്ങള്‍) പുരസ്‌കാരം കന്യക എഡിറ്റര്‍ ഇന്‍ ചാര്‍ജ് എ. ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യൂ ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ കെ. മുരളീധരന്‍, മേയര്‍ വി.കെ പ്രശാന്ത്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരും പങ്കെടുത്തു.

ജനങ്ങള്‍ക്കിടയിലേക്കു വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മോഹന്‍ലാല്‍. ചടങ്ങിലേക്കു വന്നത് വിശിഷ്‌ടാതിഥിയായല്ലെന്നും സംസ്‌ഥാനചലച്ചിത്രപുരസ്‌കാരവിതരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടു മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിന്റെ പങ്കാളിത്തം സംബന്ധിച്ച വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സാക്ഷിയാക്കി മോഹന്‍ലാല്‍ പറഞ്ഞത്.
സിനിമാ പ്രവര്‍ത്തകര്‍ക്ക് പരമമായ ചടങ്ങാണ് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്ന വേദി. അവരുടെ പ്രയത്‌നത്തിനു ലഭിക്കുന്ന ആദരവാണിത്. തന്റെ സ്വന്തം സ്‌ഥലമാണ് തിരുവനന്തപുരം. നിരവധി ഓര്‍മ്മകള്‍ ഈ നഗരത്തിനു മാത്രം സ്വന്തമാണ്. തന്റെ മുഖത്ത് ആദ്യമായി ക്ലാപ്പടിക്കുന്നതും ചായം തേക്കുന്നതും ഇവിടെവച്ചാണ്. കഴിഞ്ഞ 40 വര്‍ഷമായി അതു തുടരുന്നു. എവിടെ വരെയാണ്, എന്നുവരെയാണ് എന്നൊന്നും തനിക്കറിയില്ല. ഒരു ആനന്ദയാത്രയിലാണ് എന്നു മാത്രമേ അറിയൂ. മറ്റു നടന്‍മാര്‍ക്ക് അവാര്‍ഡു ലഭിക്കുന്നതില്‍ അസൂയയില്ല. അതൊരു ആത്മവിമര്‍ശനമായി മാത്രമേ കാണാറുള്ളൂ. സാക്ഷാത്‌കാരത്തിനു വേണ്ടിയുള്ള അഭിനിവേശമാണ് അവയെല്ലാം.- അദ്ദേഹം പറഞ്ഞു.
താന്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്. നിങ്ങളെ വിട്ട് മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടി പോയിട്ടുമില്ല. പ്രിയപ്പെട്ടവര്‍ ആദരിക്കപ്പെടുന്ന ചടങ്ങില്‍ വരേണ്ടത് തന്റെ കടമയാണ്, അവകാശമാണ്. അഭിനയജീവിതത്തിന് തിരശീല വീഴുന്നതുവരെ താനിവിടെ തന്നെയുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടിരുന്നത്. മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനിടെ നടന്‍ അലന്‍സിയര്‍ മുന്നിലേക്കെത്തി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ പിടിച്ചു മാറ്റുകയായിരുന്നു.

മോഹന്‍ലാലിനെതിരെ തോക്ക് ചൂണ്ടി അലന്‍സിയര്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിന് എതിരെ അലന്‍സിയറിയന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കുപോലെ പിടിച്ച് രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹല്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നുണയാണ് എന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവര്‍ത്തി.
സ്‌റ്റേജിലേക്ക് കയറി മോഹന്‍ലാലിന് അടുത്തെത്താനും അലന്‍സിയര്‍ ശ്രമിച്ചു. എന്നാല്‍ ഇത് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ജുവും പൊലീസും ചേര്‍ന്ന് തടഞ്ഞു. മുഖ്യമന്ത്രിയും സാസകാരിക വകുപ്പ് മന്ത്രിയും മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും വേദിയിലിരിക്കെയായിരുന്നു അലന്‍സിയറുടെ പ്രതിഷേധം. വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവെയ്ക്കുന്നത് മന്ത്രി എകെ ബാലന്‍ മുഖ്യമന്ത്രിക്ക് കാട്ടിക്കൊടുത്തു. എന്നാല്‍ ഗൗരവ ഭാവം വിട്ട മുഖ്യമന്ത്രി ചിരിച്ചുവിടുകയായിരുന്നു.
അതേസമയം തന്റെ പ്രവൃത്തിയില്‍ പ്രതിഷേധ സൂചകമായി ഒന്നും കാണേണ്ടതിലെന്ന് അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ നിമിഷം എന്താണ് ചെയ്തതെന്ന് വ്യക്തമായി ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.
