Mon. Nov 23rd, 2026

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഉജ്ജ്വയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. വത്തിക്കാൻ അംബാസിഡറുടെ മൊഴിയെടുക്കാൻ എത്തിയ സംഘം ഇന്നലെയാണ് വടക്കേലിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഫ്രാങ്കോ മുളയ്ക്കൽ മാനസികമായി പീഡിപ്പിക്കുന്നതായി കന്യാസ്ത്രീ തന്നോട് നേരിട്ടും രേഖാമൂലവും പരാതി നൽകിയിരുന്നു. ഇതുപ്രകാരം താൻ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടു. ഇതിന്റെ ഭാഗമായി കോട്ടയം കുറുവിലങ്ങാട് മഠത്തിൽ പോയി താൻ ചർച്ച നടത്തിയെന്നും സെബാസ്റ്റ്യൻ വടക്കേൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം,​ വത്തിക്കാൻ അംബാസഡറുടെ മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിഷിപ്പിനെതിരെ പോപ്പിനുള്ള പരാതി അംബാസിഡർക്ക് നൽകിയെന്ന് കന്യാസത്രീ പൊലീസിന് മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഡിവൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മുൻഅനുമതി ഇല്ലാതെയാണ് അപ്പോസ്തലിക് നൺസിയേച്ചർ എന്നറിയപ്പെടുന്ന വത്തിക്കാൻ അംബാസിഡർ ദി മോസ്റ്റ് റെവറണ്ട് ഗിയാംബാറ്റിസ്റ്റാ ഡിക്വാത്രോയെ കാണാൻ പോയത്. എന്നാൽ അവധി ദിവസമായതിനാൽ അംബാസിഡറെ കാണാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913