Mon. Nov 23rd, 2026

മുണ്ടൻമുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തിന്റെ ദാരുണ മരണത്തിന് ഇടയാക്കിയത് കുടുംബനാഥൻ കൃഷ്ണനെ കൊന്നാൽ മന്ത്രശക്തി കിട്ടുമെന്ന പ്രതികളുടെ വിശ്വാസം. കൃഷ്ണന്റെ സഹായിയായിരുന്ന അനീഷാണ് കൊലപാതകത്തിന്റെ മുഖ്യആസൂത്രകൻ. ദുർമന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

പ്രതികൾ ചേർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തുന്നത്. അനീഷിന്റെ ബൈക്കിലാണ് മന്ത്രവാദിയായ കൃഷ്ണന്റെ സഞ്ചാരം. എന്നാൽ കൃഷ്ണനും കുടുംബവും മരിച്ച ദിവസവും ശവസംസ്ക്കാര ചടങ്ങുകളിലും ഇയാൾ പങ്കെടുത്തിരുന്നില്ല. ഇത് അന്വേഷണ സംഘത്തിനെ സംശയത്തിനിടയാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് അനീഷിലേക്ക് എത്തുന്നത്. പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മകൾ ആർഷ എതിർത്തിരുന്നു. സംഭവത്തിൽ അനീഷിന്റെ കൈക്ക് പരിക്കേറ്റു. ഇത് നിർണായക തെളിവായി മാറി.

അതേസമയം, ഞായറാഴ്ച വീടിന് പുറത്തേക്ക് വിളിച്ചിറക്കി കൊലപ്പെടുത്തിയ കൃഷ്ണനെയും കുടുംബത്തെയും പിറ്റേന്നാണ് കുഴിച്ചിടുന്നത്. ഈ സമയം കൃഷ്ണനും മകൻ അർജുനും ജീവനുണ്ടായിരുന്നു. എന്നാൽ പ്രതികൾ ഇത് വകവയ്ക്കാതെ ഇരുവരെയും കുഴിയിലിട്ട് മൂടുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

മുണ്ടൻമുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ ഒരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്ന് അറിയുന്നു. കസ്റ്റഡിയിലുള്ള 2 പേർ തൊടുപുഴ, അടിമാലി സ്വദേശികളാണ്. ഇവരെ കൂടാതെ കൊലപാതകത്തിൽ പങ്കുള്ള തമിഴ്നാട് സ്വദേശിയായ ഒരാളെ ഇന്നലെ രാത്രിയോടെ പിടികൂടി കാളിയാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷാണ് കൊലപാതകത്തിലെ പ്രധാന പ്രതി യെന്നാണ് വിവരം. ഇയാളെ പിടികൂടാനായിട്ടില്ല. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ജില്ലാ പൊലീസ് മേധാവി ഇന്ന് വാർത്താസമ്മേളനം നടത്തി കൂടുതൽ വിവരങ്ങൾ പറയും

ഐ.ജി വിജയ് സാക്കറെ ഇന്നലെ രാത്രി കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റിലായയാളെ ചോദ്യം ചെയ്തു. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് പിടിയിലായ തൊടുപുഴ സ്വദേശി. ഇയാൾക്ക് കൃഷ്ണനുമായി 35 ലക്ഷം രൂപയുടെ ഇടപാട് ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടിൽ വലിയ അളവിൽ പണമുണ്ടെന്ന വിശ്വാസത്തിലാണ് കൂട്ടക്കൊല നടത്തിയതെന്നും സൂചനയുണ്ട്.അതേസമയം കൂട്ടക്കൊലക്കേസിൽ ആദ്യം കസ്റ്റഡിയിലെടുത്ത ഇടുക്കി തൂക്കുപാലം സ്വദേശിയെയും ശനിയാഴ്ച തിരുവനന്തപുരം പാങ്ങോട് നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിട്ടയച്ചു. നെടുങ്കണ്ടം സ്വദേശിയായ യുവാവിനെ നേരത്തേ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളെ ബന്ധുക്കൾക്കൊപ്പം വിടുകയും തൂക്കുപാലം സ്വദേശിയെ പൊലീസ് വാഹനത്തിൽ വീട്ടിലെത്തിക്കുകയുമായിരുന്നു.

ഇവർ നൽകിയ മൊഴിയിൽ കൊലപാതകത്തിലേക്ക് നയിച്ച ചില ഇടപാടുകൾ സംബന്ധിച്ച വിവരം ലഭിച്ചതായി സൂചനയുണ്ട്. മന്ത്രവാദവും നിധി കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനിടയാക്കിയത്. 22 അംഗ അന്വേഷണ സംഘത്തെ ഇന്നലെ 40 അംഗങ്ങളാക്കി വിപുലപ്പെടുത്തിയിരുന്നു. ഇറിഡിയം, റൈസ് പുള്ളർ ഇടപാടുകളിലെ വാക്കുമാറ്റവും അതിലെ പ്രതികാരവുമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മന്ത്രവാദവും നിധി സംബന്ധിച്ച തർക്കവുമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.

https://newsgil.in/en/2018/08/03/online-cunsultency-advt/