മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹി നെട്ടൂർ സ്വദേശി റജീബ് ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതികളിലൊരാളാണ് റജീബ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന റജീബ് തിരിച്ച് കേരളത്തിലേക്ക് വരുന്ന വഴിയിലാണ് പൊലീസ് പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
കൊലയാളി സംഘത്തിലെ മറ്റൊരു പ്രതി ഫസലുദ്ദീന്‍ എറണാകുളം കോടതിയില്‍ കീഴടങ്ങിയിരുന്നു. മുഖ്യ പ്രതികളിലൊരാളായ ക്യാംപസ് ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ ബംഗളുരുവില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മഹാരാജാസിലേക്ക് കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും നേരത്തെ പിടിയിലായ ഒന്നാം പ്രതി മുഹമ്മദും ചേര്‍ന്നായിരുന്നു. കസ്റ്റഡിയിലുള്ള മുഹമ്മദില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിഫയെ പിടികൂടിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ എട്ടുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി.
https://newsgil.in/en/2018/08/03/online-cunsultency-advt/