ലിബി.സി.എസ്
ഫാസിസം പൊടുന്നനവെ ആകാശത്തില്‍ നിന്നു പൊട്ടി വീഴുകയൊന്നും അല്ല ചെയ്യുന്നത്. ആദ്യം അത് തന്ത്രപൂര്‍വം ആള്‍ക്കൂട്ട മനസ്സുകളെ വിത്തിറക്കാന്‍ പാകത്തില്‍ ഉഴുതുമറിക്കുന്നു. നിലം പാകമായാല്‍ ഫാസിസത്തിനു വിളവെടുക്കാന്‍ പാകത്തിലുള്ള, ദേശീയത, രാജ്യസ്നേഹം, വംശീയത, അയല്ക്കാരനെതിരായ അസഹിഷ്ണുത തുടങ്ങിയ വിത്തുകള്‍ വിതച്ചു തുടങ്ങുന്നു. അങ്ങനെയാണ് ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസ്സോളിനിയും ജനമനസ്സുകളെ അവരുടെ രാഷ്ട്രീയ പരീക്ഷണശാലകളാക്കിയത്. ഇതു തന്നെയാണല്ലോ മോദിയുടെ ഇന്ത്യയില്‍ ഇന്ന് തന്ത്രപൂര്‍വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജനമനസ്സുകളെ എളുപ്പം സ്വാധീനിക്കാനിടയുള്ള ഫാസിസ്റ്റ് ആശയവിത്തുകളെ വേരോടെ പിഴുതുമാറ്റാനുള്ള കലാപരമായ ഒരു പരിശ്രമങ്ങളാണ് ഇനി ഉണ്ടാകേണ്ടത് എന്ന് മീശ സംഭവം ഒരിക്കൽക്കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഹിന്ദുവും വിശ്വാസിയുമായ ഹരീഷിൻറെ മീശപറിക്കാൻ നടക്കുന്നവർ ഈ മുസ്ളീം നാമധാരിയുടെ മുല മുറിക്കാൻ ചെല്ലാഞ്ഞത് എന്ത്? പാത്തുമ്മയുടെ ആടിലെ മുല വിദ്യാഭ്യാസ വകുപ്പ് മുറിച്ച് സ്റ്റാറിട്ടപ്പോൾ എറണാകുളം ജെട്ടിയിലെ തൻറെ ബുക്ക് സ്റ്റാളിൽ പ്രതിഷേധമായി മുലയുള്ള ബുക്കും പിന്നെ മുറിഞ്ഞമുലയും വിലവിവരപ്പട്ടികയെഴുതിവെച്ച് വിറ്റയാളാ ഗീതയിലെ മുലമുറിക്കാൻ അങ്ങോട്ടുചെന്നാൽ വിവരമറിഞ്ഞേനെ….
ഇത് എഴുത്തുകാരൻ ഹരീഷ് ആയതുകൊണ്ടും പ്രസാധകർ മാതൃഭൂമിയായതുകൊണ്ടും സംഘികൾ കുരച്ചപ്പോൾ പേടിച്ചുപോയി എന്നുകരുതി ഇത് കേരളത്തിൽ ഓടില്ല എന്ന് അവർക്കും നന്നായി അറിയാം എങ്കിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊക്കെ പറഞ്ഞു ജനങ്ങളെ തമ്മിൽ തല്ലിച്ച് കേരളത്തിൽ താമരവിരിയിക്കാൻ ഒരു ശ്രമം നടത്തുന്നു എന്നേയുള്ളൂ.2019 ലെ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പല കലാപരിപാടികളും ഇനിയും പ്രതീക്ഷിക്കാം. അല്ലാതെ മാതൃഭൂമി പോയിട്ട് മംഗളവും മനോരാജ്യവും ജന്മഭൂമിയും പോലും വായിക്കാത്തവരാണ് ഈ അക്ഷരവിരോധികൾ എന്ന് ആർക്കാണ് അറിയില്ലാത്തത്?
ഈ പറഞ്ഞ സംഘികളൊന്നും പുസ്തകങ്ങള്‍ കൈകൊണ്ട് തൊടില്ല എന്നത് ഒരുവിധത്തിൽ ഭാഗ്യം… അല്ലെങ്കില്‍ ഹിന്ദുവിന്റെ ചരിത്രം വായിച്ചാല്‍ ഇവന്മാര് ചരിത്രകാരന്മാരെ പച്ചക്ക് കത്തിച്ചേനേ..50 വര്‍ഷം മുമ്പത്തെ കേരളസമൂഹത്തെ ആസ്പദമാക്കിയുള്ള ഒരു നോവല്‍ വായിച്ച ആരോ ഒരു സംഘി പറഞ്ഞു കേട്ടതുംവെച്ചാണ് ഇത്രയും.കലാപരിപാടികൾ ഒപ്പിച്ചത്. അപ്പോള്‍ ഇവർ പുസ്തകങ്ങൾ വായിക്കുമായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ..? അത്രക്ക് മഹത്തരമായിരുന്നല്ലോ മഹത്തായ ആര്‍ഷഭാരത സംസ്കാരത്തിൻറെയും പ്രത്യേകിച്ച് കേരളത്തിന്റെയും ചരിത്രം ?