Sat. Nov 21st, 2026

സ്ത്രീപീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന ഭരണ പരിഷ്ക്കരണ കമ്മറ്റി ചെയർമാൻ വി.എസ് അച്യുതാനന്ദന്‍ ഡിജിപിയോട് രേഖാമൂലം ആവശ്യപ്പെട്ടു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന പരാതിയില്‍ നടക്കുന്ന അന്വേഷണത്തിനിടെ, പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും വിഎസ് ഡിജിപിക്ക് കൈമാറി.

പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ, അദ്ദേഹത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് വിഎസ് ഡിജിപിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.

നേരത്തെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് വി.എസ് ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വി.എസ് കത്ത് നല്‍കിയത്. അതുവരെ കേസിനെക്കുറിച്ച് അനങ്ങാതിരുന്ന സംസ്ഥാന പൊലീസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണവുമായി നീങ്ങുകയായിരുന്നു. ജലന്ധര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇപ്പോൾ പോലീസ് പീഡനക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാൻ കാണിക്കുന്ന മടിയും മെല്ലെപ്പോക്കും വർത്തയായതിനെത്തുടർന്നാണ് വി. എസ് കേസിൽ വീണ്ടും ഇടപെട്ടത്.