Fri. Nov 20th, 2026

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഫാദർ എബ്രഹാം വർഗീസ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയത് സംഘർഷത്തിനിടയാക്കി.ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് വൈദികൻ കവിയൂർ മുണ്ടേയേപ്പിള്ളി സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ കുർബാന കൊള്ളാനെത്തിയത്. ബന്ധുക്കൾക്കൊപ്പമായിരുന്നു എബ്രഹാം വർഗീസ് എത്തിയത്. ഇവരെ പ്രദേശവാസികൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ വൈദികനെ അതിൽ തീർപ്പാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. വൈദിക വേഷത്തിൽ പള്ളിയിലെത്തിയ എബ്രഹാം വർഗീസ് കുർബാന കൈക്കൊള്ളുന്നത് ഒരു ടെലിവിഷൻ ചാനൽ പകർത്തിയിരുന്നു. പള്ളിയിൽ വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി ആവശ്യമായിരിക്കെ അനുമതിയില്ലാതെ ചാനലുകൾ പള്ളിക്കുള്ളിൽ കടന്നതിനെ വിശ്വാസികൾ ചോദ്യം ചെയ്തതും സംഘർഷത്തിനിടയാക്കി.