Fri. Nov 20th, 2026

ഏതെങ്കിലും വർഗീയ സംഘടനകൾ ഭീഷണി ഉയർത്തുമ്പോൾ ചാവ് കടൽ പിളർന്നത് പോലെ സുഹൃത്തുക്കളും സമാനഹൃദയരും ഒരല്പം “ഞാൻ ഇവിടില്ല കേട്ടോ “എന്ന് വിട്ടു നിൽക്കുക എന്നതാണ് മലയാളിയുടെ സോഷ്യൽ സൈക്കോളജിയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശ്രീദേവി എസ്.കർത്ത. അതോടെ തികച്ചും ഏകാകിയും നിസ്സഹായനും ആയിപോകുന്ന വ്യക്തി അതീവ സമർദ്ദത്തിലായി അവരുടെ ഭീഷണിക്കു വഴങ്ങിപോകുകയാണ്‌ മിക്കവാറും സംഭവിക്കുന്നത്. അതിന് ശേഷമാണ് ഉടനെ എല്ലാവരും ഉണർന്നെഴുനേറ്റു പ്രതിഷേധിക്കുക..ഒരു രണ്ടു ദിവസം മുൻപായിരുന്നു ഈ പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമെങ്കിൽ ഹരീഷ് ശക്തമായി ചെറുത്തു നിന്നേനെ എന്ന് ശ്രീദേവി പറഞ്ഞു.തൻറെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ് ശ്രീദേവി ഇങ്ങനെ പ്രതികരിച്ചത്. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ഹരീഷിൻറെ ‘മീശ’ നോവലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ഭയാശങ്കയേക്കാൾ നിരാശ ആയിരിക്കും അദ്ദേഹത്തെ കൊണ്ട് പിൻവാങ്ങാൻ തീരുമാനമെടുപ്പിച്ചത് എന്ന് ശ്രീദേവി കൂട്ടിച്ചേർത്തു.

ഫാസിസ്റ്റ് വര്‍ഗ്ഗീയ ഇടപെടലുകള്‍ ഒരു പുതിയ കാര്യമല്ല. മനുഷ്യന്‍റെ മറ്റൊരു മുഖമാണ് വര്‍ഗ്ഗീയ ഫാസിസ്റ്റ് ഇടപെടലുകള്‍. പരിഷ്കൃതരും സംസ്കാരചിത്തരുമായ സമൂഹം ഇതിനെ പെട്ടന്ന് തിരിച്ചറിയും. എഴുത്തുകാരാണ് ഇതിനെ ആദ്യം അനുഭവിക്കുന്നത്. സ്വാതന്ത്ര്യം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും അത് അനുഭവിക്കുന്നവരും എന്ന നിലയ്ക്ക് അതിന്മേലുണ്ടാവുന്ന ചെറിയ ഇടപെടലുകള്‍ പോലും അവര്‍ക്ക് പെട്ടന്നറിയാന്‍ സാധിക്കും. അതിനെതിരെ ആദ്യം പ്രതികരിക്കുകയും ചെയ്യുക എഴുത്തുകാര്‍, ചിന്തകന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവരായിരിക്കും.

പെരുമാള്‍ മുരുകന്‍റെ കാര്യത്തിലും സമാനമായ ഇടപെടലുകള്‍ തന്നെയാണ് ഉണ്ടായത്. വായിക്കുന്ന ഒരാള്‍ക്ക് അര്‍ദ്ധനാരീശ്വരന്‍ എന്നു കേള്‍ക്കുമ്പോള്‍ അതിലെ ഉദാത്ത സങ്കല്പം മാത്രമേ മനസ്സില്‍ വരൂ. ഇത്തരം ഫാസിസ്റ്റുകള്‍ക്ക് ഇല്ലാത്തതും വായനയാണ്. കലയോട് എക്സ്പോസ് ആയിരിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.എന്നും ശ്രീദേവി ന്യൂസ് ഗിൽനോട് പറഞ്ഞു.

ഈ സത്യം അരക്കിട്ടുറപ്പിക്കുന്നതുപോലെ തന്നെ ആയിരുന്നു വിവര്‍ത്തകയും സാഹിത്യകാരിയുമായ ശ്രീദേവി എസ് കര്‍ത്തായ്ക്ക് നേരെയും നേരിടേണ്ടി വന്ന അപമാനം. വിവര്‍ത്തക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും താന്‍ കടന്നുപോയ വഴികളെക്കുറിച്ച് അവർ പറഞ്ഞു.

കറണ്ട് ബുക്ക്സ് പ്രസിദ്ധീകരിച്ച എപിജെ അബ്ദുള്‍ കലാമിന്റെ അവസാന പുസ്തകമായ കാലാതീതം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയോട് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടത് 2015 ൽ വൻ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ശ്രീദേവി എസ്.കർത്തയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്

ഏതെങ്കിലും വർഗീയ സംഘടനകൾ ഭീഷണി ഉയർത്തുമ്പോൾ ചാവ് കടൽ പിളർന്നത് പോലെ സുഹൃത്തുക്കളും സമാനഹൃദയരും ഒരല്പം “ഞാൻ ഇവിടില്ല കേട്ടോ “എന്ന് വിട്ടു നിൽക്കുക. അതോടെ തികച്ചും ഏകാകിയും നിസ്സഹായനും ആയിപോകുന്ന വ്യക്തി അതീവ സമർദ്ദത്തിലായി അവരുടെ ഭീഷണിക്കു വഴങ്ങിപോകുക. ഉടനെ എല്ലാവരും ഉണർന്നെഴുനേറ്റു പ്രതിഷേധിക്കുക. !!ഒരു രണ്ടു ദിവസം മുൻപായിരുന്നു ഈ പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമെങ്കിൽ ഹരീഷ് ശക്തമായി ചെറുത്തു നിന്നേനെ എന്ന് തോന്നുന്നില്ലേ.. ഭയാശങ്കയേക്കാൾ നിരാശ ആയിരിക്കും അദ്ദേഹത്തെ കൊണ്ട് പിൻവാങ്ങാൻ തീരുമാനമെടുപ്പിച്ചത്…