Sun. Nov 22nd, 2026

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ്‌ നിലപാട് മാറ്റിയോ എന്നറിയില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ കാണാൻ ദേവസ്വം ബോർഡിന് ചുമതലയുണ്ടെന്നും പറഞ്ഞ മന്ത്രി ബോര്‍ഡിന്‍റേത് അയ്യപ്പ ഭക്തരുടെ നിലപാടായി കണ്ടാല്‍ മതിയെന്നും പറഞ്ഞു. സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി നിലപാടറിയിച്ച ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയവര്‍ തന്നെയാണ് ഭരണം നടത്തുന്നത്. എന്നാല്‍ ബോര്‍ഡിന് തന്ത്രിയുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട് നിലപാടെടുക്കേണ്ടി വരും. ഇതൊക്കെ യാണെങ്കിലും രാജ്യത്തുണ്ടാകുന്ന മാറ്റങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് അറിയണം. നിരവധി അനാചാരങ്ങള്‍ ഇല്ലാതായ നാടാണ് കേരളമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

നേരത്തേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സുപ്രീംകോടതിയില്‍ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിരുന്നു. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. ഈ നിലപാട് വരും ദിവസം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം. കേസിൽ അടുത്ത വാദം ചൊവ്വാഴ്ച നടക്കും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചപ്പോള്‍ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്തത്.