Sat. Nov 7th, 2026

രാജ്യത്ത് ആൾക്കൂട്ട ആക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. പശു ആക്രമണങ്ങളെ നിശിതമായി വിമർശിച്ച സുപ്രീം കോടതി പശുവിന്‍റെ പേരിൽ നടക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത ആക്രമണങ്ങളാണെന്നും ഇതു തടയണമെന്നും പറഞ്ഞു.

ഇതിനായി നിയമം വേണം. ക്രമസമാധാനം സംരക്ഷിക്കേണ്ടതു സർക്കാരാണ്. ജനാധിപത്യത്തിൽ ആൾക്കൂട്ടനിയമം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങൾ തടയാൻ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ജനക്കൂട്ടം ഒരാളെ ക്രൂരമായി തല്ലിചതയ്ക്കുന്നത് അപരിഷ്‌കൃതവും അപമാനകരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. ഇത്തരം പ്രവൃത്തികളെ ഉരുക്കുമുഷ്‌ടി കൊണ്ടു തന്നെ നേരിടണം. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾ തടയേണ്ട ചുമതല സംസ്ഥാനസർക്കാരുകൾക്കാണ്. സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കാത്ത സാഹചര്യമുണ്ടായാൽ കോടതി ഇടപെടണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു.

തുടർന്നു ആൾക്കൂട്ട ആക്രമണം തടയുന്നതിനായി മാർഗനിർദേശം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്ത്യയിൽ ഈ വർഷം മാത്രം 85 പേരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.