Mon. Nov 23rd, 2026

കന്യാസ്ത്രീ ജീവിതാവസാനം വരെ കന്യകയായിരിക്കണമെന്ന കത്തോലിക്കാ സഭയുടെ സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുന്നു. കന്യാസ്ത്രീയായി അഭിഷേകം ചെയ്യപ്പെട്ട വ്യക്തി കന്യകയായിത്തന്നെ തുടരുന്നതിനായി ശരീരം ശുദ്ധമാക്കി നിര്‍ത്തണമെന്ന സഭയുടെ പഠിപ്പിക്കലിനാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. ഈമാസം ആദ്യം വത്തിക്കാന്‍ പുറത്തിറക്കിയ ഇക്ലീസിയേ സ്‌പോണ്‍സേ ഇമാജോ എന്ന പുതിയ വത്തിക്കാന്‍ രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്ന ബ്രിട്ടീഷ് ദിനപത്രമായ ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതായത് ദൈവവിളിയിലേക്ക് വന്നിരിക്കുന്ന സ്ത്രീകള്‍ മനസ്സും ശരീരവും ശുദ്ധമാക്കി ക്രിസ്തുവിന്റെ സ്‌നേഹത്തിനായി സമര്‍പ്പിക്കണമെന്നായിരുന്നു സഭ പിന്തുടര്‍ന്നുവന്ന രീതിയും നിയമവും. എന്നാല്‍ കന്യാകത്വം നിലനിര്‍ത്തിക്കൊണ്ട് ദൈവവേലയില്‍ പങ്കെടുക്കുന്നതിന് ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ദൈവവിളിയിലേക്ക് വന്നിരിക്കുന്നവര്‍ കന്യകയായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പുതിയ രേഖയില്‍ പറയുന്നു. കന്യാസ്ത്രീയായി തീരുന്നവര്‍ക്ക് വിവാഹം കഴിക്കുന്നതിന് സഭ അനുവദിച്ചിട്ടില്ല. അവര്‍ അറിയപ്പെടുന്നത് കര്‍ത്താവിന്റെ മണവാട്ടിയെന്നാണ്. ശുഭ്രവസ്ത്രധാരികളായി ജീവിതാവസാനം വരെ കന്യകയായി തുടരണമെന്നാണ് സഭാനിയമം.

കന്യാസ്ത്രീയാകാന്‍ കന്യകയാകണമെന്നില്ലായെന്ന സഭയുടെ പുതിയ രേഖയോട് അമേരിക്കയിലെ കന്യാസ്ത്രീകള്‍ കടുത്ത വിയോജിപ്പും നിരാശയും പ്രകടിപ്പിച്ചു. സഭയുടെ പുതിയ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നാണ് അവരുടെ അഭിപ്രായം. കന്യാകത്വമെന്നത് ദൈവീക ദാനമെന്നാണ് സഭ ഇതുവരെ പഠിപ്പിച്ചിരുന്നത്. ദൈവവേലക്ക് വരുന്നതിന് ഇതായിരുന്നു മാനദണ്ഡമായി സഭ നിശ്ചയിച്ചിരുന്നത്. ആ സങ്കല്‍പ്പങ്ങളെ പുതിയ രേഖ മാറ്റിയെഴുതുന്നത്. അങ്ങേയറ്റം ഞെട്ടലുളവാക്കുന്നുവെന്നാണ് അമേരിക്കന്‍ കന്യാസ്ത്രീകളുടെ സംഘടനയുടെ അഭിപ്രായം.