Mon. Nov 23rd, 2026

ദിലീപ് വിഷയത്തില്‍ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപ് വിഷയത്തില്‍ സംഘടനയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ഒരുപാടു പേരെ പ്രകോപനം കൊള്ളിക്കുന്ന വിഷയമായിരുന്നു അത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടിരുന്നില്ല. വനിതാ അംഗങ്ങള്‍ അടക്കം യോഗത്തില്‍ മൗനം പാലിച്ചുവെന്നും മോഹന്‍ലാല്‍. ഒരാളെങ്കിലും എതിര്‍ അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നു. അമ്മ തുടക്കം മുതല്‍ം ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. ദിലീപ് ഇപ്പോള്‍ സംഘടനയ്ക്കു പുറത്താണെന്നും മോഹന്‍ലാല്‍. അദ്ദേഹം കുറ്റവിമുക്തനായി വന്നാല്‍ തിരിച്ചെടുക്കും. ആക്രമിക്കപ്പെട്ട നടിയെ മാറ്റി നിര്‍ത്തിയിട്ടില്ല. അവര്‍ ഇതുസംബന്ധിച്ച് യാതൊരു പരാതിയും രേഖാമൂലം നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അത്യപൂര്‍വ്വമായ സംഭവമാണ് ഇത്. ഒരുപാട് സംഘര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അസോസിയേഷനിലെ കാര്യങ്ങള്‍ മീറ്റിംഗില്‍ പറയണം. അവിടെ പുരുഷ മേധാവിത്തമില്ല. അസോസിയേഷനില്‍ പറയേണ്ട കാര്യം അവിടെ പറയാതെ പുറത്തിറങ്ങി പറയുന്നത് തെറ്റായ രീതിയാണ്. വളരെ സുതാര്യമായ രീതിയില്‍ ചര്‍ച്ച നടക്കുന്ന സംഘടനയാണ് അമ്മ.

സത്യം എപ്പോഴായാലും തെളിയേണ്ട ഒന്നാണ്.തിലകന്‍ മഹാനായ നടനാണ്. ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് അത്. അതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിഷാ സാരംഗിയുടെ വിഷയം അറിഞ്ഞപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി സംസാരിച്ചെന്നും അവര്‍ക്കൊപ്പം തന്നെ സംഘടന നില്‍ക്കുമെന്നും മോഹന്‍ലാല്‍.

അവര്‍ക്ക് അവാര്‍ഡ് ലഭിച്ച സംഭവം സംഘടനയെ അറിയിച്ചിരുന്നില്ല. ഒരു കമ്മ്യൂണിക്കേഷന്‍ ഗാപ്പ് വന്നതാണ് അതിനു കാരണമെന്നും അതിനാലാണ് അവരെ ആദരിക്കാതെ അദ്ദേഹം പറഞ്ഞു.
സംഘടനയ്ക്കുള്ളത് 25 വര്‍ഷം മുമ്പുള്ള ബൈലയാണ്. അതിന് മാറ്റമുണ്ടാക്കും. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന രീതിയിലാകും അത്. സംഘടനയുടെ സാരഥ്യത്തിലേക്ക് ആര്‍ക്ക് വേണമെങ്കിലും വരാം. ആരെയും തടഞ്ഞുവച്ചിട്ടില്ല.

വനിതകള്‍ക്ക് സ്വതന്ത്രമായും മത്സരിക്കാന്‍ അവസരമുണ്ട്. അവര്‍ വരാത്തതിന് ആരെയെങ്കിലും പഴിച്ചിട്ടു കാര്യമില്ല. സിനിമയുടെ മൊത്തം പ്രശ്‌നമായി മാറുന്ന വിഷയങ്ങളുണ്ടായാല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ സംഘടനയ്ക്കകത്തുള്ള വിഷയങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളു. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അസോസിയേഷന്‍ പ്രധാനമായും നടത്തുന്നത്. അമ്മയുടെ ജനറല്‍ ബോഡി കഴിഞ്ഞ് വാര്‍ത്താസമ്മേളനം വിളിക്കാത്തത് തെറ്റായിപ്പോയെന്നും മോഹന്‍ലാല്‍ പറഞ്ഞു.