നടിയുടെ വീട്ടിലെ കള്ളനോട്ടടിക്കു പിന്നില്‍ ഒരു തട്ടിപ്പ്‌സ്വാമിയെന്ന് പൊലീസ്. പാലക്കാട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാജ പൂജകള്‍ നടത്തുന്ന ഇയാളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. മലയാളത്തിലെ പ്രമുഖ സീരിയലുകളില്‍ താരമായിരുന്ന സൂര്യ ശശി, ഇവരുടെ മാതാവ് രമാദേവി, സഹോദരി ശ്രുതി എന്നിവരെയാണ് പ്രത്യേക സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. മുളങ്കാടകത്തിനു സമീപം മനയില്‍കുളങ്ങര വനിതാ ഐടിഐയ്ക്കു സമീപത്ത് ആഢംബര വീട്ടിലായിരുന്നു റെയ്ഡ്.
ഇവരുടെ വീട്ടില്‍ നിന്നും ധനാകര്‍ഷണ യന്ത്രവും മറ്റും കണ്ടെത്തിയിട്ടുണ്ട്. സ്വാമി പൂജിച്ചു നല്‍കിയ യന്ത്രമാണെന്നാണ് സൂര്യ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സൂര്യയുടെ ആദ്യ വിവാഹം വേര്‍പെടുത്തിയിരുന്നു. സ്വാമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലിന്റെ വക്കിലാണ്. സഹോദരി ശ്രൂതി മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി ഒരുമിച്ചു കഴിയുകയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍ എന്ത് കാര്യം നടന്നാലും സ്വാമിയുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സീരിയലുകളില്‍ അഭിനയിച്ചിരുന്നെങ്കിലും പെട്ടെന്ന് കൂടുതല്‍ പണം ഉണ്ടാക്കണമെന്ന ആഗ്രഹമാണ് സ്വാമിയുമായി ഇവരെ ബന്ധിപ്പിച്ചത്. വീട്ടില്‍ പ്രത്യേക പൂജകള്‍ ചെയ്യാന്‍ വ്യാജസ്വാമി മാസംതോറും എത്തുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സീരിയലില്‍ നിന്നും സിനിമയിലേക്ക് മകള്‍ക്ക് ഒരു ഉയര്‍ച്ച ലഭിക്കുന്നതിനും പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. രാത്രികാല പൂജകളാണ് അധികവും.
സ്വാമിയോടൊപ്പം മറ്റു ജില്ലകളില്‍ നിന്നുള്ള ചിലരും കൊല്ലത്തെ നടിയുടെ വീട്ടില്‍ എത്തിയിരുന്നു. കള്ളനോട്ട് മാഫിയാ സംഘത്തിലെ കണ്ണികളായിരുന്നു ഇവര്‍. കള്ളനോട്ടടിക്കാന്‍ പറ്റിയ സ്ഥലം ഇതാണെന്ന് മനസിലാക്കിയ സ്വാമി തന്റെ സങ്കേതങ്ങളില്‍ ഒന്ന് നടിയുടെ വീട്ടിലാക്കി. പെട്ടെന്ന് പണം സമ്പാദിക്കാമെന്നും സിനിമ നിര്‍മിക്കാനുള്ള പണംവരെ നല്‍കാമെന്നും പറഞ്ഞായിരുന്നു സ്വാമി സൂര്യയുടെ വീട്ടില്‍ കള്ളനോട്ടടിക്കാന്‍ തീരുമാനിച്ചത്. ഇതുകേട്ട നടിയുടെ അമ്മ രമാദേവിക്ക് പൂര്‍ണ സമ്മതമായിരുന്നു. നിര്‍മിക്കുന്ന വ്യാജ നോട്ടുകള്‍ വെളുപ്പിച്ച് കിട്ടുന്നതില്‍ ഒരു പങ്ക് ഇവര്‍ക്കും നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാനായി മറ്റു ജില്ലകളിലേക്ക് പോകുമ്പോള്‍ മകളായിരുന്നു പണം കൈമാറ്റം ചെയ്തിരുന്നത്. വീട്ടില്‍ കള്ളനോട്ടടി നടക്കുന്നത് അറിയാമായിരുന്നിട്ടും പൊലീസിനെ അറിയിക്കാതിരുന്നതിനാണ് ഇപ്പോള്‍ സൂര്യ ശശിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റിയായതിനാല്‍ പൊലീസ് പിടിക്കില്ലെന്നു കരുതിയാണ് അമ്മയും സ്വാമിയും ചേര്‍ന്ന് പണം കൈമാറാന്‍ മകളെ ഉപയോഗിച്ചത്. ഇടുക്കി കേന്ദ്രീകരിച്ചുള്ള കള്ളനോട്ട് സംഘങ്ങളില്‍ പലരും കൊല്ലത്തെ ഇവരുടെ വീട്ടില്‍ വന്നുപോകുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. 57 ലക്ഷത്തിന്റെ നോട്ടാണ് അച്ചടിച്ചത്. എട്ടുമാസമായി ഇവിടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ നിര്‍മിക്കുന്ന വ്യാജനോട്ടുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്താല്‍മാത്രമേ ഇവ തിരിച്ചറിയാനാകൂ. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകും. മൂന്ന് ലക്ഷം വ്യാജനോട്ടുകള്‍ അച്ചടിച്ചു കൊടുക്കുമ്പോള്‍ ഒരു ലക്ഷം ഇവര്‍ക്ക് ഒറിജിനല്‍ കിട്ടണം എന്ന വ്യവസ്ഥയിലാണ് അച്ചടി നടന്നുപോന്നിരുന്നത്.രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയില്‍നിന്നു പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളിലുടെ അടിസ്ഥാനത്തിലാണു കൊല്ലത്ത് പരിശോധന നടത്തിയത്.
നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. കേസുമായി ബന്ധപ്പെട്ട് സ്വാമി ഉള്‍പ്പെടെപത്തിലധികംപേര്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കട്ടപ്പന സിഐ പറഞ്ഞു.