കാറിന് സൈഡ് കൊടുക്കാത്തതിന് കെ.ബി. ഗണേശ്കുമാർ എം.എൽ.എ യുവാവിനെ മർദ്ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ നീക്കം തുടങ്ങി. പ്രശ്നം രാഷ്ട്രീയമായി വിവാദത്തിലാവുകയും എം.എൽ.എ പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണിത്.
ഗണേശ്കുമാറിന്റെ പിതാവും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള മുൻകൈയെടുത്ത് എൻ.എസ്.എസ് വഴി പ്രശ്നം രമ്യതയിലെത്തിക്കാനുള്ള സാധ്യതയാണ് ആരായുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പത്തനാപുരം മണ്ഡലത്തിൽ പ്രതിഷേധസമരം രൂക്ഷമാക്കിയതോടെ മണ്ഡലത്തിലെ എം.എൽ.എയുടെ പരിപാടികളിൽ പലതും റദ്ദാക്കേണ്ടി വന്നു. മാത്രമല്ല, പ്രതിഷേധം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ നിയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന് പൊലീസും നിലപാടെടുത്തു. അതിനാൽ നീട്ടിക്കൊണ്ടുപോയാൽ പ്രശ്നം ഇനിയും വഷളായേക്കുമെന്നാണ് വിലയിരുത്തൽ.
ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐ ജില്ലാ കമ്മിറ്റിയും എം.എൽ.എയ്ക്കെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ള മുൻകൈയെടുത്ത് ഒത്തുതീർപ്പിന് നീക്കം തുടങ്ങിയത്. ഗണേശ്കുമാറും മർദ്ദനമേറ്റ അഞ്ചൽ സ്വദേശി അനന്തകൃഷ്ണനും ഒരേജാതിക്കാരും അകന്ന ബന്ധുക്കളുമാണത്രേ. അതിനാൽ ചില ചെവിയിൽ പൂടയുള്ള മദ്ധ്യസ്ഥർ അനന്തകൃഷ്ണന്റെ കുടുംബവുമായി ബന്ധപ്പെടാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഒത്തുതീർപ്പ് ശ്രമവുമായി തങ്ങളെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് മർദ്ദനമേറ്റ അനന്തകൃഷ്ണൻ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തങ്ങളുടെ ഉറച്ച തീരുമാനമെന്നും അനന്തകൃഷ്ണൻ പറഞ്ഞു. അനന്തകൃഷ്ണന്റെ മാതാവ് ഷീന ചവറ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചാലുടൻ പൊലീസ് തുടരന്വേഷണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച റൂറൽ എസ്.പി ബി. അശോകൻ പറഞ്ഞത്.എന്നാൽ ഇന്നലെയും മൊഴിയുടെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടില്ല. ഒത്തുതീർപ്പ് ശ്രമം തുടങ്ങിയതിനാലാണ് എല്ലാം ശരിയാക്കുന്നതിനായി പൊലീസിന്റെ തുടരന്വേഷണം വൈകിക്കുന്നതെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913