എ.ഡി.ജി.പിയുടെ മകളിൽ നിന്ന് പൊലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ നിയമത്തിന് അധീതരല്ല. അതിനെതിരെ പ്രവർത്തിച്ചു കഴിഞ്ഞാൽ എത്ര ഉന്നതരായാലും നടപടി സ്വീകരിക്കും. കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഭർത്താവിനെതിരെ നൽകിയിരിക്കുന്നത് കള്ളപ്പരാതിയാണെന്നും, അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് ഡ്രൈവർ ഗവാസ്കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്തിയെ ബോധിപ്പിച്ചെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും രേഷ്മ പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കറെ മർദ്ദിച്ചത്. തന്ന അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.