Sun. Nov 22nd, 2026

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളും മന്ത്രിമാരും ലെഫ്.ഗവർണർ ഓഫീസിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ കേന്ദ്രം വിഷയത്തിൽ കേന്ദ്രം ഇടപെടുന്നു. പ്രശ്നത്തിൽ ഇടപെടാമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എ.എ.പിയെ അറിയിച്ചു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേജ്രിവാൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

ഡൽഹിയിലെ സ്ഥിതി മുമ്പെങ്ങുമില്ലാത്തവിധമാണെന്നും ഐ.എ.എസ് ഓഫീസർമാരുടെ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മൂന്നുമാസമായി മന്ത്രിമാർ വിളിക്കുന്ന യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും വിഷാംശങ്ങളും കൂടുകയാണ്. ഗവൺമെന്റിന്റെ നിർമ്മാണ പ്രവൃത്തികൾ നിലച്ചിരിക്കുകയാണെന്നും കേജ്രിവാൾ കത്തിൽ ചൂണ്ടിക്കാട്ടി.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരാണ് രാജ്നിവാസിൽ സമരം ചെയ്യുന്നത്. അതേസമയം, കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതി മോശമാവുന്നുവെന്ന് കണ്ടതോടെ നാല് ആംബുലൻസുകൾ ലെഫ്. ഗവർണർ അനിൽ ബൈജലിന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്.

അതിനിടെ സമരം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ അഭിഭാഷകൻ ഹരിനാഥ് റാം കോടതിയിൽ പൊതുതാപര്യഹർജി നൽകിയിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരം പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെയാണെന്ന് ആംആദ്മി എം.പി സഞ്ജയ് സിംഗ് ആരോപിച്ചു.

പൂനെയിൽ നിന്ന് വന്ന തന്റെ സഹോദരനെ കാണാൻ രാജ്നിവാസിലെ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് കേജ്രിവാൾ ആരോപിച്ചു. അതേസമയം ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വർദ്ധിച്ചതോടെ ജൂൺ 17വരെ നിർമാണ പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ ലെഫ്.ഗവർണർ അനിൽ ബൈജാൽ ഉത്തരവിട്ടു. ഭരണസ്തംഭനം ആരോപിച്ച് കേജ്രിവാളിന്റെ ഓഫീസിനുമുന്നിൽ ബി.ജെ.പി. സമരം തുടരുകയാണ്.