Wednesday, May 25, 2022

Latest Posts

പണ്ഡിറ്റ് കെ പി കറുപ്പനെ തമസ്‌കരിച്ച കേരളം

✍️  ഡോ. ഹരി കുമാർ വിജയലക്ഷ്മി

പണ്ഡിറ്റ്‌ കെ. പി കറുപ്പൻ (1888-1938) ഓർമ്മദിനം

ജാതിവ്യവസ്ഥ മനുഷ്യനെ മനുഷ്യനില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ അധഃസ്ഥിതവര്‍ഗത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉയര്‍ച്ചയ്ക്കും ഉണര്‍വിനുംവേണ്ടി സ്വന്തം ജീവിതം കര്‍മമണ്ഡലമാക്കിയ ധീരനാണ് കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍. അധഃസ്ഥിതവര്‍ഗത്തിന്റെ വിമോചനമായിരുന്നു കറുപ്പന്റെ സ്വപ്നം. ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനുവേണ്ടി ജീവിതാന്ത്യംവരെ അദ്ദേഹം പ്രവര്‍ത്തിച്ചു.

കൊച്ചി രാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടക രചനാ മത്സരത്തിൽ കവിതിലകൻ പണ്ഡിറ്റ് കെ.പി കറുപ്പന്റെ ‘ബാലാകലേശം’ എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ കറുപ്പൻ ‘വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് എന്ന കാരണത്താൽ നാടകത്തെ നിശിതമായി വിമർശിക്കുകയും ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത് ‘എന്ന് ചോദിക്കുകയും ചെയ്തവർഗ്ഗീയവാദിയാണ് രാമകൃഷ്ണപിള്ള.
കറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ് ‘ കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യ തിന്മയായി രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് ‘മനുസ്മൃതി’ അനുശാസിക്കുന്നത്‌. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്.ഒരു രാജാവിന്റെ രാജ്യത്ത് നിന്ന് മറ്റൊരു രാജാവിന്റെ രാജ്യത്തേക്ക് അയയ്ക്കുക എന്നതുമാത്രം.

ഒരു ബ്രാഹ്മണനെ സൽക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണൻ തെറ്റു ചെയ്താൽ അയാളെ ഒരു പുതിയ രാജാവിന്റെ സൽക്കാരത്തിന് പറഞ്ഞു വിടുക എന്നത് ഒരു ശിക്ഷയാണോ എന്നുകൂടി നമ്മളോർക്കണം.

ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലമാണത്. അതിന് വിപരീതമായി കറുപ്പൻ തെറ്റു ചെയ്തു; ബ്രാഹ്മണന് തന്റെ കഥയിൽ വധശിക്ഷ നൽകി അതാണ് ബാലാകലേശം എന്ന നാടകത്തിൽ രാമകൃഷ്ണപിള്ള കണ്ടു പിടിച്ച ഒരുവലിയതെറ്റ്.’ബാലാ കലേശം’ എന്ന അതിന്റെ പേര് രാമകൃഷ്ണപിള്ള അദ്ദേഹത്തിന്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിമാറ്റി.

ഇത്തരം പരിഹാസങ്ങളെ അതിജീവിച്ച് ചരിത്രത്തില്‍ തന്റേതായ ഇടം നേടിയ മഹാത്മാവാണ് പണ്ഡിറ്റ് കറുപ്പന്‍. നവോത്ഥാനനായകന്‍, കവി, നാടകരചയിതാവ്, അധ്യാപകന്‍, മനുഷ്യാവകാശ സംരക്ഷകന്‍, നിയമസഭാംഗം, സംസ്‌കൃത പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഒരു അദ്ധ്യായം തന്നെയാണ്.

കണ്ടത്തിപ്പറമ്പില്‍ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മെയ് 24ാം തിയ്യതി എറണാകുളത്ത് ചേരാനല്ലൂരിലാണ് കറുപ്പന്‍ ജനിച്ചത്. മല്‍സ്യബന്ധനം തൊഴിലാക്കിയ ധീവര(വാല) സമുദായക്കാരായിരുന്നു മാതാപിതാക്കള്‍. തീണ്ടലും തൊടീലും, സവര്‍ണനും അവര്‍ണനും ജാതിക്കുള്ളിലെ ജാതിയുമായി കേരളം ഇരുളടഞ്ഞിരുന്ന കാലം. കറുപ്പന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെയും കൊച്ചുണ്ണിതമ്പുരാന്റെയും ശിക്ഷണത്തില്‍ സംസ്‌കൃതത്തില്‍ പാണ്ഡിത്യം നേടി.

വിദ്യാഭ്യാസകാലത്ത് നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയിലും സാഹിത്യത്തിലും അതീവ താല്‍പര്യം കാട്ടിയിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയായ മുറയ്ക്ക് കൊച്ചിരാജ്യത്ത് അധ്യാപകനായി നിയമനം. അവര്‍ണന്‍ അധ്യാപകനായത് സവര്‍ണര്‍ക്ക് ഇഷ്ടപ്പട്ടില്ല. അവര്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതെ പ്രക്ഷോഭത്തിനൊരുങ്ങി. കൊച്ചി രാജാവും വിട്ടുകൊടുത്തില്ല. അദ്ദേഹം ‘രാജര്‍ഷി കറുപ്പനെ അധ്യാപകജോലിയില്‍ നിന്ന് മാറ്റുന്നില്ല’ എന്ന തിരുവെഴുത്ത് പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭത്തിനു വിരാമമായി.

ജാതിക്കുമ്മി

ജാതിയുടെ നിരര്‍ഥകതയെ ചോദ്യംചെയ്യുന്ന മലയാളത്തിലെ ആദികാവ്യം ഒരുപക്ഷേ, കറുപ്പന്റെ “ജാതിക്കുമ്മി’യായിരിക്കാം.പാടത്ത് പണിയെടുക്കുന്നവരുടെയും മീന്‍പിടിക്കുന്നവരുടെയും ചുമടുചുമക്കുന്നവരുടെയും നിലം ഉഴുന്നവരുടെയും ഉണര്‍ത്തുപാട്ടായി ജാതിക്കുമ്മി മാറി. 1905ലാണ് ജാതിക്കുമ്മി രചിക്കപ്പെട്ടതെങ്കിലും 1912ലാണ് അച്ചടിമഷി പുരളുന്നത്. ശങ്കരാചാര്യരുടെ “മനീഷാപഞ്ചക’ത്തെ ഉപജീവിച്ചാണ് “ജാതിക്കുമ്മി’ എഴുതിയത്. “അമ്മാനക്കുമ്മി’ എന്ന നാടന്‍ശീലില്‍ 141 പാട്ടുകളാണ് “ജാതിക്കുമ്മി’യില്‍. ഗാത്രത്തിനോ തീണ്ടലാത്മാവിനോ? എന്ന പറയന്റെ ചോദ്യത്തിനുമുമ്പില്‍ ശങ്കരാചാര്യസ്വാമിയുടെ ജാതിഗര്‍വം അസ്തമിക്കുന്നതോടെ പറയന്‍ ജ്ഞാനയോഗത്തിന്റെ ഉദാത്തമേഖലയിലെത്തുന്നു.

“ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണെല്ലാരു മൊരുജാതിനീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവംനോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ- തീണ്ടല്‍ധിക്കാരമല്ലയോ? ജ്ഞാനപ്പെണ്ണേ’ എന്ന കവിയുടെ ചോദ്യം കേരളീയ സമൂഹത്തില്‍ ആഘാതമേല്‍പ്പിച്ചു.
കൊച്ചിയിലെ ജീവിതത്തിനിടയില്‍ പുലയസമുദായങ്ങളുടെ ജീവിതദുരിതമാണ് കറുപ്പനെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഇതില്‍ മനംനൊന്ത് എഴുതിയ കവിതയാണ് ‘ജാതിക്കുമ്മി’. 1912ല്‍ പുറത്തുവന്ന ഈ കവിത ജാതിക്കെതിരേ മലയാളത്തിലുണ്ടായ ഏറ്റവും ശക്തമായ പ്രതികരണങ്ങളിലൊന്നായിരുന്നു. മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും ഒരു പതിറ്റാണ്ടു മുമ്പാണ് ‘ജാതിക്കുമ്മി’ പുറത്തുവന്നതെന്നോര്‍ക്കണം. ലളിതമായ നാടോടിപ്പാട്ടിന്റെ ശൈലിയില്‍ നിരക്ഷരര്‍ക്കുപോലും കേട്ടുചൊല്ലാവുന്ന രീതിയില്‍ അയ്യഞ്ചുവരികളിലായാണ് ആ കവിതയുടെ രചന. അന്നത്തെ പുലയരുടെ ദുരവസ്ഥ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ:
‘പശുക്കളെയടിച്ചെന്നാലുടമസ്ഥര്‍ തടുത്തീടും പുലയരെയടിച്ചെന്നാലൊരുവനില്ലറോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട് തോട്ടിലേക്കിറങ്ങിയാല്‍ കല്ലേറുകൊള്ളും’

നിരക്ഷരരെങ്കിലും കേരളത്തിലെ പുലയരും മറ്റും ‘ജാതിക്കുമ്മി’യിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. എന്നു മാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങള്‍ ചൊല്ലുന്നതുപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ കുടിലുകള്‍ക്കകത്തിരുന്ന് അവരതുപാടി രസിക്കുക പതിവായിരുന്നുവെന്ന് ടി കെ സി വടുതല രേഖപ്പെടുത്തുന്നു. ‘ജാതിക്കുമ്മി’ അത്രയേറെ സ്വാധീനം ആര്‍ജിച്ച ശേഷമാണ് ‘ദുരവസ്ഥ’ പ്രത്യക്ഷപ്പെട്ടത്.

കൊച്ചിയിലെ കായല്‍സമ്മേളനം

കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കായല്‍സമ്മേളനത്തിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനാണ്. അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഏപ്രില്‍ 21ാം തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം നഗരത്തിലെവിടെയെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നു സംഘാടകരുടെ തീരുമാനം. പക്ഷേ, സ്ഥലം നല്‍കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ഭൂമിയില്‍ തൊട്ടുകൂടാത്തവരെ യോഗം ചേരാന്‍ മഹാരാജാവ് അനുവദിച്ചിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് വേദി കായലിലേക്കു മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ആലോചനകള്‍ക്കു ശേഷം അറബിക്കടലും കൊച്ചിക്കായലും ചേരുന്ന പ്രദേശം തിരഞ്ഞെടുത്തു. മീന്‍പിടിത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടിയും നിരപ്പായ ഒരു പ്രതലം ഉണ്ടാക്കി. അതിനു മുകളില്‍ പലക വിരിച്ചതോടെ വേദി തയ്യാറായി. ചെറുചെറു വള്ളങ്ങളിലാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊണ്ടുവന്നത്. കൃഷ്ണാദി ആശാനെപ്പോലുള്ള നേതാക്കള്‍ കറുപ്പന്‍ മാഷോടൊപ്പം കൈമെയ് മറന്നു നിന്നപ്പോള്‍ സമ്മേളനം വന്‍വിജയമായി.

‘ലോകചരിത്രത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സംഭവം നടന്നതായി ഇന്നോളം കേള്‍ക്കാന്‍ ഇടയായിട്ടില്ല’ എന്നാണ് ടി കെ സി വടുതല എഴുതിയത്. ഈ കായല്‍നടുവിലെ സമ്മേളനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് സമസ്ത കൊച്ചി പുലയമഹാസഭ രൂപം കൊണ്ടത്. എറണാകുളം നഗരത്തില്‍ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാത്തതിനെതിരേ രണ്ടാമതൊരു ജലാശയസമരം കൂടി നടത്താന്‍ കറുപ്പന്‍ തീരുമാനിച്ചിരുന്നു. ഒരു കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മഹാരാജാവ് വരുമെന്ന വിവരം മനസ്സിലാക്കിയ പണ്ഡിറ്റ് കറുപ്പനും കൂട്ടാളികളും വള്ളങ്ങളുമായി കായലിലെത്തി. രാജാവ് വന്നതോടെ പോരാളികള്‍ ചെണ്ടകൊട്ടി മഹാരാജാവിന്റെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചു. പ്രക്ഷോഭകര്‍ വിചാരിച്ചതു പോലെത്തന്നെ കാര്യങ്ങള്‍ നീങ്ങി. സമരത്തിനു നേതൃത്വം കൊടുത്ത കറുപ്പനെ രാജാവ് ആളയച്ചു വരുത്തി. ആവശ്യങ്ങളും പരാതികളും വിശദാംശങ്ങളോടെ എഴുതിത്തയ്യാറാക്കി തന്നെ കാണാന്‍ രാജാവ് ആവശ്യപ്പെട്ടു. പരാതി വായിച്ച രാജാവ് താഴ്ന്ന ജാതിക്കാര്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാമെന്ന വിളംബരം പുറപ്പെടുവിച്ചു. അതോടെ പ്രക്ഷോഭവും അവസാനിച്ചു.

ഇതൊരു നാടകമാണെന്നേ ഇന്നുള്ളവര്‍ക്ക്‌ തോന്നുകയുളളൂ. അതേ; അതൊരു നാടകം തന്നെയായിരുന്നു. പുലയരെ കൊച്ചി നഗരത്തിലൂടെ നടത്താന്‍ കറുപ്പന്‍ മാസ്റ്റര്‍ മെനഞ്ഞെടുത്തൊരു നാടകം. ‘കായല്‍ സമ്മേളനം’ ഒരു പ്രതിഷേധപ്രകടനമായിരുന്നു. അതും സാമൂഹ്യപരിഷ്കര്‍ത്താവായ കറുപ്പന്‍ മാസ്റ്ററുടെ ഭാവനയില്‍ വിരിഞ്ഞ ചുവന്നപൂവ്‌ ആയിരുന്നു.

ബാലാകലേശം’ അനീതിക്കെതിരായ നാടകം

ഏറെ വിവാദമുണ്ടാക്കിയ കൃതിയാണ് കറുപ്പന്റെ “ബാലാകലേശം’. സംസ്കൃത നാടകസങ്കേതങ്ങളെ അപ്പാടെ പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കല്‍പ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് “ബാലാകലേശം’.

കൊച്ചി രാജ്യഭരണ പരിഷ്കാരങ്ങളാണ് നാടകത്തിലെ പ്രതിപാദ്യവിഷയം. നമ്പൂതിരി, നായര്‍, ഈഴവന്‍, പുലയന്‍ എന്നീ ജാതിക്കാര്‍ കഥാപാത്രങ്ങളായിവരുന്നു. കാലത്തിനൊത്ത മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നവരും കാലത്തിന്റെ മാറ്റത്തെ ചെറുത്തുനില്‍ക്കുന്ന മറുപക്ഷവുമാണ് നാടകത്തിലെ മുഹൂര്‍ത്തങ്ങള്‍. കൊച്ചാലു എന്ന പുലയന്‍ തീണ്ടല്‍ അസംബന്ധമാണെന്ന് ഉയര്‍ന്ന ജാതിക്കാരുടെ മുഖത്തുനോക്കി ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന കൃതിയാണ് ഇത്. ക്ഷുഭിതരായ സവര്‍ണര്‍ കൊച്ചാലുവിനെ മതാചാരലംഘനത്തിന്റെപേരില്‍ വളഞ്ഞിട്ടുതല്ലി. പുലയനെ തല്ലിയവരെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കുന്നുവെന്നത് ഈ നാടകത്തിന്റെ സവിശേഷതയാണ്.
1919ൽ ആയിരുന്നു കറുപ്പന്‍ ‘ബാലാകലേശം’ എന്ന നാടകം രചിച്ചത്. കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകമല്‍സരത്തില്‍ അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ലക്ഷണമൊത്തൊരു സാമൂഹികവിമര്‍ശന നാടകമായിരുന്നു ‘ബാലാകലേശം’. നാടിന്റെ മൊത്തത്തിലുള്ള സാമൂഹികാവസ്ഥയും മഹാരാജാവിന്റെ ഭരണനേട്ടങ്ങളും അവതരിപ്പിക്കുന്നതോടൊപ്പം ജാതിആധിപത്യത്തിനെതിരേയുള്ള പ്രതിഷേധം കൂടിയായിരുന്നു അത്.

ജാതീയ ഉച്ചനീചത്വങ്ങളും അയിത്തം തുടങ്ങിയ അനാചാരങ്ങളും ഇല്ലായ്മ ചെയ്യുന്നതിന്‌ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ കറുപ്പന്‍ മാസ്റ്റര്‍ക്ക്‌ മുമ്പായി മലയാള നാട്ടില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയമാണ്‌. അതിന്‌ കറുപ്പന്‍ മാസ്റ്റര്‍ തുടക്കം കുറിച്ചുവെന്ന്‌ വ്യക്തമാക്കുന്ന നാഴികക്കല്ലുകളാണ്‌ ‘ജാതിക്കുമ്മി’യും ‘ബാലാകലേശം’ നാടകവും. ‘ജാതിക്കുമ്മി’ പുലയരെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്‌. അത്‌ അവര്‍ ഹൃദിസ്ഥമാക്കുകയും പാടി നടക്കുകയും പതിവായിരുന്നു. ‘ബാലാകലേശം’ നാടകത്തില്‍ കൊച്ചാല്‍ എന്ന പുലയ കഥാപാത്രത്തെക്കൊണ്ട്‌ കുന്നലക്കോല്‍ എന്ന ന്യായാധിപന്‍ ‘ജാതിക്കുമ്മി’യുടെ കുറെ ഭാഗങ്ങള്‍ ചൊല്ലിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

മല്‍സരത്തില്‍ ഈ നാടകത്തിനായിരുന്നു പുരസ്‌കാരം. പണ്ഡിറ്റ് കറുപ്പന്‍ കൊച്ചിരാജാവിന്റെ കീഴിലുള്ള സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലിരിക്കെ എഴുതിയ ‘ബാലാകലേശം’ വായിച്ചശേഷം ഡോ. പല്‍പ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സര്‍വീസില്‍ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്.

ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ പുലയന്‍ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും നാടകം ചോദ്യംചെയ്തിരുന്നു. സ്വന്തം സമുദായത്തേക്കാള്‍ മറ്റുള്ള സമുദായക്കാരുടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കറുപ്പന്‍ സാഹിത്യരചന നിര്‍വഹിച്ചത്. ‘മറ്റ് നവോത്ഥാനനായകന്മാരെല്ലാവരും അവരവരുടെ സമുദായത്തിന്റെ സംഘടനകള്‍ ഉണ്ടാക്കുകയും അതത് സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കില്‍ തന്റെ സമുദായത്തിലും താഴ്ന്നവര്‍ എന്നു കരുതപ്പെട്ടിരുന്ന പുലയര്‍ മുതല്‍ നായാടി വരെയുള്ള സമുദായങ്ങള്‍ക്കു സംഘടന ഉണ്ടാക്കുകയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം നയിക്കുകയും ചെയ്ത ഏക നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പനാണ്’ എന്നാണ് പണ്ഡിറ്റ് കറുപ്പന്റെ തിരഞ്ഞെടുക്കപ്പെട്ട കൃതികളുടെ പഠനത്തില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ നിരീക്ഷിച്ചത്.

അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പന്‍ ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി, പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ കണ്‍വീനറായി, കൊച്ചിഭാഷാ പരിഷ്‌കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി, നാട്ടുഭാഷാ സൂപ്രണ്ടായി. അധഃകൃതരുടെ വിദ്യാഭ്യാസത്തിന്റെ ചുമതലയും മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ പൗരസ്ത്യ ഭാഷാപരീക്ഷാ ബോര്‍ഡ് മെംബറായും അതിന്റെ ചെയര്‍മാനായും അവസാനം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം ലക്ചററായും സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. 1938 മാര്‍ച്ച് 23ന് 53ാമത്തെ വയസ്സില്‍ അന്തരിച്ചു.കവിതയിലൂടെയും നാടകത്തിലൂടെയും അധഃകൃതവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി പരിശ്രമിച്ച കേരള ലിങ്കന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിറ്റ് കെ പി കറുപ്പനെ അനുസ്മരിക്കുന്നതില്‍ കേരള സമൂഹം കുറ്റകരമായ തമസ്‌കരണമാണ് നടത്തുന്നത്.

പ്രധാന കൃതികൾ

ജാതിക്കുമ്മി, ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷാവസരത്തില്‍ എഴുതി സമര്‍പ്പിച്ച ‘ശ്രീനാരായണഗുരു’, സ്തോത്രങ്ങള്‍, ലഘുകവിതകള്‍, ഖണ്ഡകൃതികള്‍, ചരമഗീതങ്ങള്‍, നിയമസഭാപ്രസംഗങ്ങള്‍, ആചാരഭൂഷണം, ബാലാകലേശം, ‘പ്രഭാതഗീതം’, ‘മനീഷാസംബോധനം’.

അനാചാരങ്ങളെയും ദുരാചാരങ്ങളെയും എന്നേക്കുമായി തുടച്ചുമാറ്റണമെന്ന് പണ്ഡിറ്റ് കറുപ്പന്‍ തന്റെ കൃതികളിലൂടെ ഉദ്ബോധിപ്പിച്ചു. കാവ്യരചനാകൗശലമുള്‍പ്പെടെ തനിക്ക് ലഭിച്ച സമസ്ത സിദ്ധിവിശേഷങ്ങളെയും അധഃകൃതസമുദായ ഉന്നമനത്തിനുവേണ്ടി സമര്‍പ്പിച്ച ഒരു മനീഷിയായിരുന്നു പണ്ഡിറ്റ് കറുപ്പൻ മാഷ്.

BEST SELLERS
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.