Tue. Apr 16th, 2024

നിപ്പ വൈറസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്ന് അഞ്ച് പേരെ പൊലീസ് പിടികൂടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ എണ്ണം പതിമൂന്നായി. സംഭവത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

നിപ്പ വൈറസ് ബാധിക്കുന്നത് കോഴിയിറച്ചിയിലൂടെയാണെന്നും ഒരറിയിപ്പുണ്ടാകുന്നത് വരെ കോഴിയിറച്ചി കഴിക്കരുതെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയതിനാണ് അഞ്ച് പേർ അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശികളായ അൻസാർ, ഫെബിൻ, അൻഷാജ്, ഷിഹാബ് എന്നിവരേയും ഫറോക്ക് സ്വദേശി അബ്ദുൽ അസീസിനേയും നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇതേ കേസിൽ കഴിഞ്ഞ ദിവസം മീഞ്ചന്ത സ്വദേശി മുഹമ്മദ് ഹനീഫയും അറസ്റ്റിലായിരുന്നു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ വ്യാജ ഉത്തരവാണ് ഇവർ പ്രചരിപ്പിച്ചത്. ഈ വ്യാജ ഉത്തരവ് ഉണ്ടാക്കിയയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. ഗൾഫ് രാജ്യങ്ങളാണ് ഇത്തരം സന്ദേശങ്ങളുടെ ഉറവിടമെന്നാണ് പൊലീസ് സംശയിക്കുന്നത്.

നിപ്പ ബാധയെത്തുടർന്ന് കോഴിക്കോട് ഹൈലൈറ്റ് മാൾ പൂട്ടിയെന്ന് ശബ്ദ സന്ദേശം പ്രചരിപ്പിച്ച കേസിൽ കോഴിക്കോട് ചെറുവാടി സ്വദേശി ഫസലുദ്ദീൻ, അരീക്കാട് സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കെതിരെ ശക്തമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നിപ്പ വൈറസ് സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ വ്യാപകമായതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്