Thu. Mar 28th, 2024

മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി പിടിയിലായി. ഇവരെ 12 ദിവസത്തേക്ക് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി.

മഹാരാഷ്ട്രയിൽ നിന്നുള്ള അമോൽ കലേ (39), ഗോവയിൽ നിന്നുള്ള അമിത് ദഗ്വാക്കർ എന്ന പ്രദീപ് (39), കർണാടകയിൽ നിന്നുള്ള മനോഹർ ഏഡാവ് (28) എന്നിവരാണ് അറസ്റ്റിലായത്. സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രതി സമിതിയുമായി ബന്ധപ്പെട്ടവരാണ് പിടിയിലായ മൂന്ന് പേരും.

യുക്തിവാദ ചിന്തകനായ കെ. എസ് ഭഗവാനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ അറസ്റ്റിലായ കർണാടക സ്വദേശിയായ സുജീത് കുമാറിനും (37) ഗൗരി ലങ്കേഷ് കൊലപാതകത്തിൽ പങ്കുണ്ട്. നാല് പേരെയും വ്യാഴാഴ്ച എസ്.ഐ.ടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

ഭഗവാൻ വധശ്രമക്കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികൾക്ക് ഗൗരി ലങ്കേഷ് വധത്തിൽ പങ്കുണ്ടെന്ന കാര്യം വ്യക്തമായതെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രതികളുടെ എണ്ണം അഞ്ചായി. കർണാടകയിലെ മഡ്ഡൂർ സ്വദേശിയായ കെ.ടി നവീൻ കുമാർ(37) എന്നയാളെ മാർച്ചിൽ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു യുവ സേന എന്ന സംഘടനയുടെ പ്രവർത്തകനായിരുന്നു ഇയാൾ.