കോട്ടയത്ത് നിന്നും ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയ നവവരന്റെ കൊലപാതകത്തിന് കാരണമായത് കേരളാ പൊലീസിന്റെ ഗുരുതര അനാസ്ഥ. നിരവധി അനുഭവങ്ങൾ മുന്നിലുണ്ടായിട്ടും പാഠം പഠിക്കാത്ത പൊലീസുകാർ കൃത്യമായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഒരു പക്ഷേ മന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ രാവിലെ തന്നെ പരാതി നൽകിയെങ്കിലും വി.ഐ.പി ഡ്യൂട്ടിയുടെ പേര് പറഞ്ഞ് അന്വേഷണത്തിൽ ഉഴപ്പിയ കോട്ടയം ഗാന്ധിനഗർ പൊലീസ് തന്നെയാണ് സംഭവത്തിലെ ഒന്നാം പ്രതി. സംഭവത്തിൽ ഗാന്ധിനഗർ എസ്.ഐ എം.ആർ.ഷിബുവിന് ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് തന്നെ സമ്മതിക്കുന്നുമുണ്ട്.
കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയും കോട്ടയം നാട്ടാശേരി സ്വദേശി കെവിൻ.പി.ജോസഫും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോട് നീനുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഇതിനിടയിൽ മറ്റൊരാളുമായി നീനുവിന്റെ വിവാഹം നിശ്ചയിച്ചുവെങ്കിലും നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം പോകണമെന്നാണ് നീനു മൊഴി നൽകിയത്.
ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പൊലീസുകാരുടെ മുന്നിൽ വച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങി. തുടർന്ന് നീനുവിനെ അമ്മഞ്ചേരിയിലുള്ള ഹോസ്റ്റലിലേക്ക് മാറ്റി. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിന്റെ വീട്ടിലെത്തിയ സംഘമാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോയത്.
പുലർച്ചെ നടന്ന സംഭവം മിനിറ്റുകൾക്കം തന്നെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. തട്ടിക്കൊണ്ട് പോയ സംഘവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തിനടുത്ത് വച്ച് ഇറക്കി വിട്ടു. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിലെത്തിയ അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും കൂടുതൽ അന്വേഷണം നടത്താൻ മിനക്കെട്ടില്ല. പെൺകുട്ടിയെ വിട്ടയച്ചാൽ കെവിനെ വെറുതെ വിടാമെന്നാണ് പൊലീസിനോടും സംഘം പറഞ്ഞെന്നാണ് വിവരം. ഇതിനിടയിൽ കെവിനെയും പത്തനാപുരത്ത് ഇറക്കി വിട്ടെന്ന് അഭ്യൂഹങ്ങൾ പരന്നു.
ഇതിലെ നിജസ്ഥിതി അന്വേഷിക്കാനും പൊലീസ് തയ്യാറായില്ല. ബന്ധുക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസുകാർ മറുപടി നൽകിയത്. എന്നാൽ തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് ചാക്കോ പരാതി നൽകിയതോടെ നീനുവിനെ വൈകുന്നേരം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. എന്നാൽ കെവിനൊപ്പം പോകണമെന്ന് നീനു ആവർത്തിച്ചതോടെ കെവിന്റെ ബന്ധുക്കൾക്കൊപ്പം കുട്ടിയെ വിട്ടു.
കെവിനെ തട്ടിക്കൊണ്ട് പോയ വാഹനങ്ങളിലൊന്ന് കഴിഞ്ഞ രാത്രി തന്നെ തെന്മല ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. മൂന്ന് വാഹനങ്ങളിലായി 12 അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. ആര്യങ്കാവ് ചെക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഇതിനിടയിൽ തന്നെ കെവിൻ കൊല്ലപ്പെട്ടതായാണ് സൂചന. തുടർന്ന് തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയേക്കര തോട്ടിൽ കെവിന്റെ മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ. അതേസമയം, പ്രതികൾ തെങ്കാശി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ ഗാന്ധിനഗർ എസ്.ഐ എം.ആർ.ഷിബു സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.