Fri. Nov 20th, 2026

കോട്ടയത്ത് നിന്നും ഭാര്യാ വീട്ടുകാർ തട്ടിക്കൊണ്ട് പോയ കെവിനെ കൊലപ്പെടുത്തിയത് ക്രൂരമർദ്ദനത്തിന് ശേഷമാണെന്ന സംശയം ബലപ്പെടുന്നു. ചാലിയേക്കര തോട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. മാത്രവുമല്ല തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഇത് ആയുധം കൊണ്ടുള്ള മുറിവാണോ അതോ പാറയിൽ തലയടിച്ചുള്ള മുറിവാണോയെന്ന് വ്യക്തമായിട്ടില്ല. കെവിനെ കൊലപ്പെടുത്തിയശേഷം തോട്ടിൽ തള്ളിയതാവാമെന്നും കരുതുന്നു. അതിനിടെ തന്റെ ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് തളർന്ന് വീണ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ പാറക്കെട്ടുകൾ ഏറെയുള്ള പ്രദേശമായ ചാലിയേക്കരയിൽ വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെടുന്നതിനിടയിൽ വഴുവഴുപ്പുള്ള പാറയിൽ വീണ് മുറിവ് പറ്റിയതാകാനുള്ള സാദ്ധ്യതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. പോസ്റ്റുമോർട്ടത്തിലെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് പറഞ്ഞു. തട്ടിക്കൊണ്ട് പോകുന്നതിനിടെ തെന്മലയിൽ വച്ച് കെവിൻ രക്ഷപ്പെട്ടതായി ബന്ധു അനീഷ് നേരത്തെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ഒളിവിൽപോയ യുവതിയുടെ സഹോദരൻ ഷാനു ചാക്കോയ്ക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിദേശത്ത് ജോലിയുള്ള ഇയാൾ മടങ്ങിപ്പോവാതിരിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പെൺകുട്ടിയുടെ വീടായ തെന്മലയിലും പരിസരങ്ങളിലും തെരയുന്നുണ്ട്. അതിനിടെ സംഭവത്തിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായി.