കോട്ടയത്തെ കെവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷികൻ അഡ്വ. ജയശങ്കർ. നിർണായകമായ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിന് പിന്നിൽ കോൺഗ്രസ്- ലീഗ്- ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ അമേരിക്കൻ ചാരസംഘടന ശ്രമിക്കുന്നതായും വിശ്വാസയോഗ്യമായി അറിയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തെന്മലയിലെ കെവിൻ കൊലയുമായി സി.പി.ഐ(എം)നോ വർഗ ബഹുജന സംഘടനകൾക്കോ യാതൊരു ബന്ധവുമില്ല. ദുരഭിമാന കൊലയ്ക്ക് പാർട്ടി പണ്ടേ എതിരാണ്. പോളിറ്റ് ബ്യൂറോ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ ഡിഫി പ്രവർത്തകരല്ല. ഇവരെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് കഴിഞ്ഞ വർഷം പുറത്താക്കിയതാണ്.
നിർണായകമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസം കൊലപാതകം നടത്തിയതിനു പിന്നിൽ കോൺഗ്രസ്- ലീഗ്- ബിജെപി ഗൂഢാലോചനയുണ്ട്. പൊലീസ് അക്കാര്യം അന്വേഷിക്കണം. ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ അമേരിക്കൻ ചാരസംഘടന ശ്രമിക്കുന്നതായും വിശ്വാസയോഗ്യമായി അറിയുന്നു.
ജനകീയ സർക്കാരിന്റെയും ജനകീയ പൊലീസിന്റെയും സൽപേരിനു കളങ്കം ചാർത്താനുളള കുത്സിത ശ്രമത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും ചേർന്നു പരാജയപ്പെടുത്തണം.