Sun. Nov 22nd, 2026

ഇന്ത്യയിലെ വലിയ ദേശീയപാർട്ടിയും 60 വർഷം ഇൻഡ്യ ഭരിച്ച പാർട്ടി ആണെങ്കിലും കോൺഗ്രസിനെക്കൊണ്ട് ഒരു പത്രം പോലും മര്യാദക്ക് നടത്താൻ ഇതുവരെ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം. ദേശീയതലത്തിൽ തന്നെ പൂട്ടിയ ഒരു പത്രത്തിന്റെപേരിൽ അമ്മയും മകനും കോടതിയിൽ നിന്ന് ജാമ്യം എടുത്തുനടക്കുകയാണല്ലോ?ഇപ്പോൾ ഇതാ കേരളത്തിലും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം തിരുവനന്തപുരം,കൊല്ലം എഡീഷനുകള്‍ അച്ചടി മുടങ്ങിയിട്ട് ദിവസങ്ങളായി. പത്രം പ്രിന്റ് ചെയ്യുന്ന സെന്റ് ജോസഫ് പ്രസിന് ലക്ഷങ്ങള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നത്. ചെങ്ങന്നൂര്‍ ഇലക്ഷന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പാര്‍ട്ടി മുഖപത്രം പ്രസിദ്ധീകരണം നിലച്ചു കിടക്കുകയാണ്. ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് പാര്‍ട്ടിയുടെ ചാനലായ ജയ് ഹിന്ദിന്റെയും അവസ്ഥ.

കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ നടത്തിയ ജനരക്ഷാ യാത്രയില്‍ നിന്ന് പിരിഞ്ഞുകിട്ടിയ തുകയില്‍ നിന്ന് ഒരുകോടി രൂപ വീക്ഷണം പത്രത്തിന്റെ ഫണ്ടിലേക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. യാത്ര അവസാനിച്ചിട്ടും വീക്ഷണത്തിന് ഫണ്ടൊന്നും കിട്ടിയതുമില്ല. 17 ലക്ഷം രൂപയാണ് പത്രം പ്രിന്റ് ചെയ്യുന്ന സെന്റ് ജോസഫ് പ്രസിന് നല്‍കാനുള്ളത്. പണം നല്‍കാതെ ഇനി പ്രിന്റിംഗ് സാധ്യമല്ലെന്ന് പ്രസ് ഉടമകള്‍ അറിയിച്ചതോടെ കോണ്‍ഗ്രസ് മുഖപത്രം പുറത്തിറങ്ങാതായി.

കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ഒരുവിധം പ്രൊഫഷണലായി പത്രം നടന്നുവരികയായിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ചിലവുകള്‍ നേരിടാന്‍ പരസ്യമോ മറ്റു സര്‍ക്കുലേഷന്‍ വരവോ പത്രത്തിന് ഇല്ലാതായതോടെ പ്രസിദ്ധീകരണം എല്ലായിടത്തും നിലച്ച മട്ടിലാണ്. വരിക്കാരെ കൂട്ടുന്നതിന് പലവിധ ശ്രമങ്ങള്‍ പലപ്പോഴും നടത്തിയെങ്കിലും ആയിനത്തില്‍ പിരിച്ച തുകയുമായി പത്രം നടത്തിപ്പുകാരായ കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങുകയാണ് പതിവ്. കേന്ദ്രഭരണം ഉണ്ടായിരുന്ന കാലത്ത് വീക്ഷണം നവീകരിക്കുന്നതിന്് ഹൈക്കമാന്റില്‍ നിന്ന് ലഭിച്ച ഫണ്ടുകള്‍ മുഴുവന്‍ അതാതു കാലത്തെ പത്രം നടത്തിപ്പു ചുമതലക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ വിഴുങ്ങുകയായിരുന്നു.

രമേശ് ചെന്നിത്തല പ്രസിഡന്റായിരുന്ന കാലത്താണ് മുടങ്ങിക്കിടന്ന വീക്ഷണം പത്രം പുനഃപ്രസിദ്ധീകരണം ആരംഭിച്ചത്. ഇതേസമയത്തു തന്നെയാണ് ജയ്ഹിന്ദ് ചാനലും ആരംഭിച്ചത്. പാര്‍ട്ടിയുടെ രണ്ട് പ്രചരണ സ്ഥാപനങ്ങളും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. ജയ്ഹിന്ദിന് കാലാകാലങ്ങളില്‍ ഡയറക്ടര്‍മാരില്‍ നിന്നും വിദേശ മലയാളികളില്‍ നിന്നും പിരിച്ചെടുത്ത തുക ചാനലിന്റെ തലപ്പത്തുണ്ടായിരുന്നവര്‍ അടിച്ചു മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ ചാനലും ഇപ്പോള്‍ ചക്രശ്വാസം വലിച്ചു കിടക്കുകയാണ്.

ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് പത്രം പൂട്ടിയിട്ട് വര്‍ഷങ്ങളായി. ഈ പത്രത്തിന്റെ സ്വത്തുക്കള്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തു എന്ന പേരില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ കേസ് നേരിടുകയാണ്. കോണ്‍ഗ്രസുകാര്‍ നടത്തുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും ഗതി ഇതൊക്കെ തന്നെയാണ്.

സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത അവസ്ഥയില്‍ പാര്‍ട്ടിയുടെ പ്രചരണ സ്ഥാപനങ്ങള്‍ എങ്ങനെ മുന്നോട്ടു പോകും എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഒരു ധാരണയുമില്ല. പാര്‍ട്ടിയുടെ മുഖപത്രം മുടങ്ങിയതില്‍ കെപിസിസി പ്രസിഡന്റിനോ നിയമസഭാ കക്ഷി നേതാവിനോ മിണ്ടാട്ടമില്ല. ചെങ്ങന്നൂര്‍ ഉപരതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണകരമാകുന്ന ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷം.