ബിഹാര്‍ സ്വദേശി സത്നാം സിങ്ങ് (25) കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവര്‍ക്കെതിരായാണ് അഞ്ചാം അഡിഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന സമയങ്ങളില്‍ ഇവര്‍ സ്ഥിരമായി ഹാജരാകാത്തതിനാലാണു കോടതി നടപടി സ്വീകരിച്ചത്.
2012 ഓഗസ്റ്റ് നാലിനാണു സത്നാം സിങ് മരണപ്പെടുന്നത്. കൊല്ലം വള്ളിക്കാവിലെ അമൃതാന്ദമയിയുടെ അശ്രമത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സത്‌നാം സിങിന്റെ മാനസിക നില തകരാറിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നിന്ന് മര്‍ദനമേറ്റാണ് സ്തനാം സിങ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തു വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2012 ഡിസംബറില്‍ ഈ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആറു പ്രതികള്‍ ഉണ്ടായിരുന്നു. നാലാം പ്രതി ബിജു ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍, വിവേകാനന്ദന്‍, പ്രതീഷ് എന്ന ശരത് പ്രകാശ്, മഞ്ചേഷ്, ദിലീപ് എന്നീ അഞ്ചു പ്രതികളാണു വിചാരണ നേരിടേണ്ടത്.
നാലു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2012 ഡിസംബറില്‍ കുറ്റപത്രം നല്‍കി. പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രണ്ടു ജീവനക്കാരും നാല് അന്തേവാസികളും ചേര്‍ന്നാണു കൊല നടത്തിയതെന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
171 പേജുകള്‍ ഉള്ള കുറ്റപത്രത്തിനൊപ്പം 79 സാക്ഷികളുടെ പട്ടികയും 109 രേഖകളും ഏഴു തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ കേബിള്‍ വയറും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്നാണു 2012 ഓഗസ്റ്റ് നാലിനു രാത്രി സത്‌നാം കൊല്ലപ്പെട്ടത് എന്നാണു കേസ്.
കേബിള്‍ വയറും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സ്തനാം സിങിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.