Fri. Apr 19th, 2024

മുൻകാല പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി കർണാടകത്തിൽ ബി.ജെ.പി വൻ വിജയം നേടുമെന്ന് ബി.ബി.സി നടത്തിയ ജനതാ കീ ബാത്ത് സർവേയാണ് കർണാടകയിലെ ഇപ്പോഴത്തെ സംസാര വിഷയം. മേയ് 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി നടത്തിയ വ്യാജ പ്രചാരണമാണ് ‘ബി.ബി.സി സർവേയാണെന്ന്’ തെളിഞ്ഞതോടെ നാണംകെട്ട അവസ്ഥയിലാണ് ബി.ജെ.പി ക്യാംപ്. തങ്ങളുടെ പേരിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നും ബി.ബി.സി തന്നെ തുറന്ന് പറഞ്ഞതോടെയാണ് ബി.ജെ.പി കേന്ദ്രങ്ങൾ വെട്ടിലായത്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി 135 സീറ്റുകൾ നേടുമെന്നും 45 സീറ്റുകൾ സ്വന്തമാക്കുന്ന ജനതാദളിന് താഴെ കോൺഗ്രസ് വെറും 35 സീറ്റിലൊതുങ്ങുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. മറ്റ് ചെറുകിട പാർട്ടികളും സ്വതന്ത്രന്മാരും 19 സീറ്റുകൾ നേടുമെന്നും സർവേയിൽ പറഞ്ഞിരുന്നു. എന്നാൽ 224 സീറ്റുകളിലേക്ക് മത്സരം നടക്കുന്ന കർണാടകയിലേക്ക് 234 വിജയികളെ (ബി.ജെ.പി 135+ജനതാദൾ 45+കോൺഗ്രസ് 35+മറ്റുള്ളവർ 19=234 ) പ്രഖ്യാപിച്ചപ്പോൾ തന്നെ സർവേ പൊളിഞ്ഞിരുന്നു. എന്നാൽ ബി.ബി.സിയുടെ ഇന്ത്യൻ വെബ്സൈറ്റിലേക്ക് തുറക്കുന്ന ലിങ്ക് കൂടി അറ്റാച്ച് ചെയ്ത മെസേജ് വാട്സ്ആപ്പിൽ വൈറലാകാൻ ഏറെ സമയമെടുത്തില്ല.

അതേസമയം, സർവേയുടെ ആധികാരികത തിരക്കി നിരവധി അന്വേഷണങ്ങൾ ബി.ബി.സി ഓഫീസിലേക്ക് എത്തിയതോടെ അവർ വിശദീകരണവുമായി രംഗത്തെത്തി. ബി.ബി.സിയുടേതെന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന കർണാടക സർവേയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ബി.സി വക്താവ് അറിയിച്ചു. ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങൾ സർവേ സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണം നിലനിറുത്തേണ്ടത് അത്യാവശ്യമായ കോൺഗ്രസും അഞ്ച് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാൻ രണ്ടും കൽപ്പിച്ചിറങ്ങുന്ന ബി.ജെ.പിയും ഒപ്പം ജെ.ഡി.എസും ചേരുമ്പോൾ കർണാടകയിലെ തിരഞ്ഞെടുപ്പിൽ തീപാറുമെന്ന് ഉറപ്പ്. മേയ് 12ന് ഒറ്റഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മേയ് 15നാണ് വോട്ടെണ്ണൽ. കർണാടകയിൽ 224 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഭരണകക്ഷിയായ കോൺഗ്രസിന് 122 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 43ഉം ജെ.ഡി.എസിന് 37 അംഗങ്ങളും നിലവിലുണ്ട്.

ഇത്തരത്തിലൊരു സര്‍വേ തങ്ങള്‍ നടത്തിയിട്ടില്ലെന്നും ബി ബി സിയില്‍ നിന്നല്ല ഇൗ വാര്‍ത്ത പുറത്തു വന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി ബി സി  സര്‍വേകള്‍ നടത്താറില്ലെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ബി ബി സി വ്യക്തമാക്കി.ബി ബിസി ന്യൂസിന്‍റെ എംബ്ളമടക്കം അനധികൃതമായി ഉള്‍പ്പെടുത്തിയാണ് വ്യാജ സര്‍വേ വാര്‍ത്ത പ്രചരിക്കുന്നത്.