Thu. Apr 18th, 2024

ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകനെ നടുറോഡിലിട്ട് കൈകാര്യം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനികള്‍. പഞ്ചാബിലെ പട്യാല വനിത ഗവണ്‍മെന്റ് കോളേജിലാണ് സംഭവം. അശ്ലീല സന്ദേശമയച്ച അധ്യാപകനെ റോഡിലൂടെ നടത്തി വിദ്യാര്‍ത്ഥിനികള്‍ അടിക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വാര്‍ത്താഏജന്‍സിയായ എ എന്‍ ഐയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ വിദ്യാര്‍ത്ഥിനികള്‍ തന്നെ കൈയോടെ പിടിക്കുകയായിരുന്നു. ആധ്യാപകനെ വിദ്യാര്‍ത്ഥിനികള്‍ കോളേജ് ക്യാംമ്പസിലൂടെ വലിച്ച് കൊണ്ടു പോകുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

നേരത്തെ, നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപയോഗിച്ചെന്നാരോപിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അതുല്‍ ജോഹരി എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.