Tue. Nov 24th, 2026

പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവത്തു യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം രൂക്ഷമായി. ഓര്‍ത്തഡോക്‌സ് വിഭാഗം നാളെ രാവിലെ ഏഴിനു പള്ളിയില്‍ പ്രവേശിക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പിനെത്തുടര്‍ന്ന് ഏതു വിധേനയും തടയാനുള്ള ശ്രമങ്ങള്‍ യാക്കോബായ സഭാ വിശ്വാസികള്‍ ആരംഭിച്ചു.

നാളെ പുലര്‍ച്ചെ അഞ്ചിനു ”പുലരിയില്‍ ഒരു തീനാളം” എന്ന പേരില്‍ യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും.

ഇടവകയില്‍ ബഹുഭൂരിപക്ഷമായ യാക്കോബായ വിശ്വാസികള്‍ കഴിഞ്ഞ 19 ലെ കോടതിവിധിയെത്തുടര്‍ന്നു പള്ളിയില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥന നടത്തിവരികയാണ്. രണ്ടാഴ്ച തുടര്‍ച്ചയായി പ്രതിഷേധ റാലികളും പിറവത്തു സംഘടിപ്പിച്ചു. ഇരു വിഭാഗവും ബാവമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്

പിറവം ഇടവകയ്ക്കു പിന്തുണ പ്രഖ്യാപിച്ചു വിവിധ പള്ളികളില്‍നിന്ന് ഇന്നലെ പിറവത്തേക്കു വാഹന റാലി നടത്തി. നീറാംമുകള്‍ സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി, കാരിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, മോര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ മുളന്തുരുത്തിയില്‍നിന്നാണു വാഹന റാലി സംഘടിപ്പിച്ചത്. തുടര്‍ന്നു പള്ളിയില്‍നിന്ന് ആരംഭിച്ച വിശ്വാസ പ്രഖ്യാപന റാലിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പോളിക്കോര്‍പ്പസ് ഫഌഗ് ഓഫ് ചെയ്തു. ഡോ.മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, വികാരി െസെമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജിബി ഇച്ചിക്കോട്ടില്‍, ഫാ.വര്‍ഗീസ് പനച്ചിയില്‍, ഫാ. ബിജു ചക്രവേലില്‍, കൗണ്‍സിലര്‍ ബെന്നി വി. വര്‍ഗീസ്, ട്രസ്റ്റിമാരായ വി.വി. ജോണ്‍, ബേബി കിഴക്കേക്കര, സെക്രട്ടറി ജോബി ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

സഭാതര്‍ക്കം രൂക്ഷമായിരിക്കുന്ന പിറവത്ത് നാളെ സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നു. സര്‍ക്കാരുമായി അടുപ്പത്തിലുള്ള രണ്ട് ക്രൈസ്തവ സഭകളായ ഓര്‍ത്തഡോക്സ് യാക്കോബായ സംഘര്‍ഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന് സി.പി.എമ്മും സര്‍ക്കാരും ഭയപ്പെടുന്നു. പിറവം പള്ളിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. നാളെ പിറവം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തുമെന്നാണ് ഓര്‍ത്തോക്സ് പക്ഷത്തിന്‍റെ നിലപാട്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് ഓര്‍ത്തോക്സ് സഭക്ക് പിറവം പള്ളിയുടെ ഉടമസ്ഥാവകാശം കൈവന്നിരിക്കുന്നത്.

ചൊവ്വാഴ്ച്ച ഓര്‍ത്തഡോക്സുകാര്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ എന്തുവിലകൊടുത്തും തടയുമെന്നാണ് യാക്കോബായ പക്ഷത്തിന്‍െറ നിലപാട്. ഇതാണ് സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന് സര്‍ക്കാരും പോലീസും ഭയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുകൂട്ടരും അണികളെ ഇളക്കിവിടുന്ന പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. സുപ്രീംകോടതി വിധി വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പിറവം രാജാധിരാജ സെന്‍റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കാത്തതില്‍ ഓര്‍ത്തഡോക്സ് സഭക്ക് കടുത്ത അമര്‍ഷം ഉണ്ട്.

സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാ ബാവയും മറ്റ് ബിഷപ്പുമാരും മുഖ്യമന്ത്രി പിണറായി വിജയനെ പലവട്ടം കണ്ട് ഈ ആവശ്യം ഉന്നയിച്ചെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ് സഭക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ട്. ആകെയുള്ള വോട്ടര്‍മാരില്‍ 30 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. അവരില്‍ ഭൂരിപക്ഷവും ഓര്‍ത്തഡോക്സ് വിശ്വാസികളാണ്. ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും ഇടതുമുന്നണിക്കുണ്ട്.

പിറവത്ത് പ്രതിഷേധ റാലികളും ധര്‍ണ്ണയും സ്ഥിരമായി ഇരുകൂട്ടരും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസും ഭരണകൂടവും പാടുപെടുകയാണ്. കഴിഞ്ഞയാഴ്ച്ച കോലഞ്ചേരിയില്‍ ഒരു ശവസംസ്കാരവും ബന്ധപ്പെട്ട് പള്ളിക്കുള്ളില്‍ കൂട്ടത്തല്ലും സംഘര്‍ഷവും ഉണ്ടായി. കോടതിവിധി എങ്ങനെ നടപ്പാക്കും എന്നകാര്യത്തില്‍ സര്‍ക്കാരിനും കൃത്യമായ അജണ്ടയോ നിലപാടോ ഇല്ലാത്തത് ഇരുകൂട്ടരെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ പ്രശ്നപരിഹാരം ഉണ്ടാക്കാതെ നീട്ടിക്കൊണ്ടുപോകാതാണ് സര്‍ക്കാരും ഇടതുമുന്നണിയും ശ്രമിക്കുന്നത്.