Sat. Nov 21st, 2026

വീണ്ടും നീറ്റ് വിവാദം. നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി. കോഴിക്കോട് ദേവഗിരി സി.എം.ഐ സ്‌കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമാണ് മുറിച്ചുമാറ്റിയത്.

ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായാണ് ആക്ഷേപം. അതേസമയം മുഴുക്കൈ വസ്ത്രം അണിഞ്ഞെത്തിയ ചില വിദ്യാര്‍ഥിനികളെ പരീക്ഷ ഹാളിനുള്ളിലേക്ക് കയറ്റിവിട്ടെന്നും രക്ഷിതാക്കള്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില്‍ നീറ്റ് പരീക്ഷക്കെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിനിക്ക് വീല്‍ ചെയര്‍ നിഷേധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവസാന നിമിഷമാണ് വീല്‍ ചെയര്‍ അനുവദിക്കില്ലെന്ന് അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പരീക്ഷ മുകളിലെ നിലയില്‍ ആയതിനാല്‍ ഏറെ നേരത്തേ കാത്തിരിപ്പിന് ശേഷമാണ് താഴെ പ്രത്യേകം ക്ലാസ്മുറി അനുവദിച്ചത്.

സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ്. പരിശോധനക്കുശേഷം രാവിലെ 7.30 മുതല്‍ ഹാളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 9.30ന് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

നീറ്റ് ഫലം ജൂണ്‍ അഞ്ചിനകം പ്രസിദ്ധീകരിക്കും. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാത്രമേ പരീക്ഷാഹാളില്‍ അനുവദിക്കൂ. ഇവ ഒഴികെ മറ്റ് വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തില്‍ അനുവദിക്കില്ല. ഹാജര്‍ പട്ടികയില്‍ വിദ്യാര്‍ഥികള്‍ വിരലടയാളവും പതിക്കണം. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന സര്‍ക്കുലര്‍ നേരത്തെ തന്നെ അധികൃതര്‍ പുറത്തിറക്കിയിരുന്നു.

വസ്ത്രത്തില്‍ വലിയ ബട്ടണ്‍, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ധരിക്കേണ്ടത്. ഷൂസ് അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതിയുണ്ട്. ഇത്തരം വിദ്യാര്‍ഥികള്‍ പരിശോധനക്കായി ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ എത്തണം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷാ സെന്ററിലേക്ക് കൊണ്ടുവരരുതെന്നും നിര്‍ദേശിച്ചിരുന്നു.