Mon. Nov 23rd, 2026

കോഴിക്കോട് ABC പ്രോഗ്രാമിൻറെ മറവിൽ വൻ തട്ടിപ്പ് പുറത്ത് വന്നതോടെ സർക്കാർ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും ABC പ്രോഗ്രാമുകളെ കുറിച്ചന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്നേഹി ചമഞ്ഞു ഉദ്യോഗസ്ഥ – ദല്ലാൾ -രാഷ്ട്രീയ ക്രിമിനൽ കൂട്ടുകെട്ടിൻറെ എൻ ജി ഒ തട്ടിപ്പിലൂടെ നടത്തിവന്നിരുന്ന ലക്ഷങ്ങളുടെ അഴിമതിയുടെ കഥകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത്.

എല്ലാവരും നടക്കുന്ന വഴികളിലൂടെ നടക്കുക വളരെ എളുപ്പമാണ് അതിനിടയിൽ വേറിട്ടവഴികളിലൂടെ നടക്കുന്ന ചിലരും ഇല്ലാതില്ല.അത്തരത്തിൽ വേറിട്ട ഒരുകഥയാണ് മലപ്പുറം ജില്ലയിലെ ABC പ്രോഗ്രാം .2017 ജനുവരിയിൽ തുടക്കമിട്ട പദ്ധതിയിൽ ദിവസം 10 നായ്ക്കളെ വീതം വന്ധീകരിക്കുകയായിരുന്നു. മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി ഒരു വർഷം കൊണ്ട് 1600നായ്ക്കളെ ഇതുവരെ  വന്ധീകരിച്ചു കഴിഞ്ഞു . രണ്ട് വർഷത്തിനിടെ മുഴുവൻ നായ്ക്കളെ വന്ധീകരിക്കുന്നതുമാണ് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതി.

ജനുവരി ഒന്നിനാണ് ഹ്യുമേൺ സൊസൈറ്റി സംഘം പൊന്നാനിയിൽ എത്തിയത്. പിന്നീട് മൂന്നാഴ്ചയോളമായി പരിസര പ്രദേശങ്ങളിൽ സർവെ നടത്തി. തെരുവ് നായകളെ സംബന്ധിച്ച് പ്രദേശികമായി തരം തിരിച്ചുള്ള പഠനത്തിനു ശേഷമാണ് വന്ധ്യംകരണ നടപടി തുടങ്ങിയത്.നായ്ക്കളെ മാക്സിമം കൈ കൊണ്ടാണ് പിടിക്കുന്നത്. പിടിച്ചു കഴിഞ്ഞ, നായ്ക്കളോടൊപ്പം വേണ്ടിയിലിരുന്നാണ് സാലികണ്ണൻ ഉൾപ്പെടെയുള്ള സംഘം പോകുന്നത്. ജനങ്ങളിൽ നായ്ക്കളോടു ഇടപെടുന്നതു ഇങ്ങനെ എന്ന് ഒരു ബോധ വത്കരണം നടത്തുക എന്നതും പ്രോഗ്രാമിന്റെ ലക്‌ഷ്യം ആണ്. അതിൻറെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത് എന്നും അവർ പറഞ്ഞു,എത്ര അക്രമകാരിയായ തെരുവ് നായ ആണെങ്കിലും  സാലിയുടെ തലോടൽ ലഭിച്ചാൽ നല്ലകുട്ടിയായിമാറും. തെരുവ് മൃഗങ്ങൾക്ക് വേദനിച്ചാൽ ആ നോവ് സാലിയുടേതുമായിരിക്കും. മൃഗങ്ങളോടുള്ള അതിരില്ലാത്ത പ്രണയത്തിലൂടെ നിരവധി പാഠങ്ങളാണ്  ഈ വനിത നമുക്ക് സമ്മാനിക്കുന്നത്.

മനുഷ്യരെ പോലെ മൃഗങ്ങൾക്കും സ്നേഹവും പരിലാളനയും ആവശ്യമാണെന്ന് ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഇതുസംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസെടുത്തു വരുന്നു. എബിസി പ്രോഗ്രാമിൻറെ ഭാഗമല്ലെങ്കിൽകൂടി സഹജീവി സ്നേഹത്തിന്റെ പ്രധാന്യവും മൃഗസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണവും നടത്തിവരികയാണ്  ഇവർ .നായകളോടുള്ള കേരളീയരുടെ സമീപനമാണ് തെരുവ് നായകളെ കൂടുതൽ അക്രമോത്സുകരാക്കുന്നതെന്നാണ് സാലിയുടെ പക്ഷം. ‘നായ്ക്കളെ കണ്ടാലുടൻ ആളുകൾ കല്ലെടുത്തെറിയും. പലപ്പോഴും അവ നമ്മളെ ആക്രമിക്കുന്നത് പേടി കൊണ്ടാണ്. മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും നമുക്കില്ല. കൃത്യമായ ബോധവത്കരണത്തിന്റെ അഭാവമാണ് നമ്മുടെ നാട്ടിലെ പ്രശ്നം.

നായകൾ ഇല്ലാതാകുന്നതോടെ പ്രകൃതിയുടെ ബാലൻസ് ഇല്ലാതാകുമെന്നും കൂടുതൽ അപകടകാരിയായ കുറക്കനെ പോലുള്ള മൃഗങ്ങൾ വർധിക്കുമെന്നും സാലി സൂചിപ്പിക്കുന്നു. നായ്ക്കളിൽ പ്രതിരോധ കുത്തിവെയ്‌പ്പ് നടത്താമെങ്കിൽ കുറുക്കനിൽ ഇതു സാധ്യമല്ലെന്നാണ് ഗൗരവത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.തെരുവ് നായ വംശ വർദ്ധനവ് കൂടി വരുന്ന സാഹചര്യത്തിൽ ആണ് സാലിയുടെ നേതൃത്വത്തിലുള്ള ഹ്യുമേൺ സൊസൈറ്റിയുടെ സംഘം വന്ധ്യംകരണ നടപടികൾ വിജയകരമായി നടത്തി വരുന്നത്.  മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടിക്കായി സാലിയും ഉത്തരേന്ത്യൻ സംഘവും മലപ്പുറത്ത് എത്തിയിട്ടുള്ളത്.

 കേരളത്തിലെ ഏക പട്ടിപിടുത്തക്കാരി ജേർണലിസം ഫസ്റ്റ് ക്ലാസ്

ജേർണലിസം പഠിച്ചിട്ട് നായപിടുത്തത്തിന് ഇറങ്ങിയ ആളാണ് സാലി കണ്ണൻ. തൃശൂർ സ്വദേശിയായ ഇവർ അപ്രതീക്ഷിതമായിട്ട് ഈ മേഖലയിലേക്ക് വന്നതല്ല. കോളജിലെ പഠനം കഴിഞ്ഞ് മാധ്യമപ്രവർത്തകയാകാതെ, തനിക്കേറെ ഇഷ്ടപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യണമെന്ന തീരുമാനമെടുത്തു. അങ്ങനെ, PAWS (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസസ്) എന്ന സംഘടനയിൽ വോളന്റിയറായി പ്രവർത്തിച്ചു.വെറ്ററിനറി ഡോക്ടർ ആകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ, ഒരുപാട് മൃഗങ്ങളെ കീറിമുറിച്ച് പഠിക്കേണ്ടി വരുമെന്ന പേടി കൊണ്ട് മോഹം പാതിവഴിയിൽ ഉപേക്ഷിച്ചു. മൃഗങ്ങൾ വേദന അനുഭവിക്കുന്നത് സാലിക്ക് കണ്ടുനിൽക്കാനാകില്ല.

രണ്ടായിരത്തിലധികം തെരുവുനായ്ക്കളെ സാലിയും സംഘവും പിടിച്ചിട്ടുണ്ട്. നായ്ക്കളെ വെറുംകൈ കൊണ്ടാണ് പിടിക്കുന്നത്. വണ്ടിയിൽ നായ്ക്കൾക്കൊപ്പം ഇരുന്നാണ് യാത്ര. പേവിഷ പ്രതിരോധത്തിനുള്ള കുത്തിവയ്പ് നൽകി, വന്ധ്യംകരിച്ച് മുറി വുണങ്ങിയതിനു ശേഷം തുറന്നു വിടും. കേരളത്തിൽ ഈ ജോലി ചെയ്യുന്ന ഏക സ്ത്രീയും സാലിയാകാം. പലപ്പോഴും ‘പട്ടിപിടുത്തക്കാരി’ എന്ന വിളിയും പ രിഹാസവും നേരിടേണ്ടി വരാറുണ്ട്.

ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കു കയും താൽപര്യമുള്ളവർക്ക് അവയെ ദത്തെടുക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് . പൂർണ പിന്തുണയു മായി ഭർത്താവ് കണ്ണനും മകൻ നിരഞ്ജനും ഒപ്പമുണ്ട്. രാജ്യത്ത് മികച്ച സേവനം നടത്തുന്ന 100 വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുള്ള ഇവർ ,സഹജീവികൾക്ക് ചികിത്സയും സംരക്ഷണവും ഒരുക്കുന്നതിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ചിരിക്കുകയാണ് . മൃഗങ്ങളെ അതിരറ്റ് സ്നേഹിക്കുന്ന സാലി കണ്ണനെ തേടി നിരവധി നേട്ടങ്ങളും പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.

തൃശൂർ സാൽക്കൺ വീട്ടിൽ ആർട്ടിസ്റ്റ് ബാലകൃഷ്ണൻ വർമയുടെയും സംഗീതാധ്യാപിക ശോഭ വർമയുടെയും മൂത്ത മകളാണ് സാലി. മംഗലാപുരത്തായയിരുന്നു ജനനം. 19ാം വയസിൽ കണ്ണനുമായുള്ള പ്രണയ വിവാഹം നടന്നു. ചെറുപ്പം തൊട്ടേ തുടങ്ങിയ മൃഗ സ്നേഹത്തിന് വിവാഹമോ കുടുംബ ജീവിതമോ തടസമായില്ല. ഭർത്താവ് കണ്ണൻനാരായണന്റെയും കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ തെരുവ് മൃഗങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. റോഡരികിലും മറ്റുമായി അവശനിലയിൽ കഴിയുന്ന മൃഗങ്ങളെ എടുത്ത് സാലി സംരക്ഷണവും ആവശ്യമായ ചികിത്സയും നൽകൽ ശീലമായിരുന്നു. സാലിയുടെ വീടിനോടു ചേർന്ന് സഹ താമസക്കാരായി പട്ടിയും പൂച്ചകളും നിരവധിയാണ്. പണം കൊടുത്ത് വാങ്ങിയതായിരുന്നില്ല, തെരുവിൽ നിന്നും രക്ഷിച്ചു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നതായിരുന്നു ഈ തെരുവ് മൃഗങ്ങളെയെല്ലാം.

മൃഗസംരക്ഷണമെന്ന ഉറച്ച തീരുമാനവും നിലപാടും ഊട്ടിയിലെ വേൾഡ് വൈൽഡ് വെറ്റിനറി സർവീസിന്റെ വെറ്റിനറി അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കുന്നതിന് പ്രേരിപ്പിച്ചു. ജോർണലിസം കോഴ്സും പൂർത്തിയാക്കിയ സാലി ഏത് മേഖലയിലേക്ക് കരിയർ ചലിപ്പിക്കണമെന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ തന്റെ ഇഷ്ടമേഖലയിലെത്തിയതിൽ ഇന്ന് ഇവർ ഏറെ സംതൃപ്തയാണ്. സ്വന്തമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി സേവ് എ ലൈഫ് എന്ന സംഘടനയും ഫേസ്‌ബുക്ക് പേജും  ആരംഭിച്ചു. സഹജീവി സ്നേഹത്തിന്റെ മാതൃകയായകുന്നതോടൊപ്പം പുതുതലമുറയ്ക്ക് പുത്തൻ ആത്മവിശ്വാസവും കൂടിയാണ്  ഈ വനിത തന്റെ പ്രവർത്തനത്തിലൂടെ പകർന്നു നൽകുന്നത്. 2016 ജനുവരിയിൽ രാഷ്ട്രപതിയുടെ അംഗീകാരം സാലിയെ തേടിയെത്തി.

പിന്നീട് കേന്ദ്ര മൃഗ ക്ഷേമ വകുപ്പിന്റെ ഓണററി അനിമൽ വെൽഫെയർ ഓഫീസറായി നിയമനവും ലഭിച്ചു. തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹ്യുമേൺ സൊസൈറ്റി ഇന്റർ നാഷണലിന്റെ എഡ്യൂക്കേഷണൽ അവയർനെസ് ഓഫീസർ ജോലി സാലിയെ തേടി വരുന്നത്. തന്റെ ഇഷ്ടമേഖലയിൽ തന്നെ ജോലി ലഭിച്ചതോടെ പിന്നെ ഒന്നും ചിന്തിച്ചില്ല, ഹ്യൂമേൺ സൊസൈറ്റിയിലൂടെ വിവിധ സംസ്ഥാനങ്ങളിലായി തന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്.

ഫണ്ടിങ്ങിനുവേണ്ടിയുള്ള ഉഡായിപ്പല്ല സേവനം

‘തെരുവുനായ്ക്കളെ ക്രൂരമായി കൊന്നു തള്ളുന്നതിനു പ കരം, അവയെ പിടിച്ച് ഡോക്ടർമാരുടെ സഹായത്തോടെ വന്ധ്യംകരണം നടത്തി, തിരികെ വിടുകയാണ് ഞങ്ങളുടെ ദൗത്യം. അത്ര എളുപ്പമായിരുന്നില്ല ജോലി. നായ്ക്കൾ കൈ യിൽ വന്ന് പെടുന്നത് പരിക്കേറ്റ് ചോരയൊലിക്കുന്ന അവസ്ഥയിലായിരിക്കും. മരുന്നും ചികിൽസയും ലഭ്യമാക്കാൻ ചിലപ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യം ഉ ണ്ടാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ചിന്തയിൽ നിന്നാണ് ഊട്ടിയിൽ വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിൽ (ഡബ്ല്യൂ.വി.സി) ട്രെയിനിങ് കോഴ്സ് ചെയ്തത്.’

സാലിയെപ്പോലെ തന്നെ മൃഗസ്നേഹിയായ ഭർത്താവ് കണ്ണനും ട്രെയിനിങ്ങിൽ പങ്കെടുത്തു. തെരുവുനായ്ക്കളെ എ ങ്ങനെ പിടിക്കാം, സംരക്ഷിക്കാം, പ്രഥമ ശുശ്രൂഷ കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പഠിച്ചത്. ഇപ്പോൾ പ്രഥമ ശുശ്രൂഷ തനിയെ ചെയ്യാൻ സാലിക്ക് ബുദ്ധിമുട്ടില്ല.

അനിമൽ വെൽഫെയർ ബോർഡിൽനിന്ന് ഓണററി അനിമൽ വെൽഫെയർ ഓഫിസർ സർട്ടിഫിക്കറ്റ് നേടിയ സാലിക്ക് മൃഗങ്ങളോട് ക്രൂരത കാട്ടുന്നവർക്കെതിരേ സ്വമേധയാ കേസെടുക്കാനുള്ള അധികാരമുണ്ട്. പിന്നീട് ഹ്യുമൻ സൊ സൈറ്റി ഇന്റർനാഷനൽ എന്ന സംഘടനയുടെ ഭാഗമായി പ്ര വർത്തനം ആരംഭിച്ചു. ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാന സ ർക്കാരുകളുടെ ആവശ്യപ്രകാരം പേവിഷ പ്രതിരോധ– മൃഗ ജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തുകയാണ് സംഘടനയുടെ ദൗത്യങ്ങളിലൊന്ന്.അർപ്പണ മനോഭാവവും ത്യാഗസന്നദ്ധയുമുള്ള ടീം അംഗങ്ങൾ ഉള്ളതാണ് മലപ്പുറം എ .ബി .സി പ്രവർത്തനങ്ങൾ വിജയകരമായി നടത്താൻ ഈ സംഘടനയ്ക്ക് സാധിക്കുന്നത്

എന്നാൽ നായകളെ പിടിച്ചു കൊണ്ടുപോയി അവയുടെ സെക്സ് ഓർഗൻ എടുത്ത് എണ്ണം ബോധിപ്പിച്ചതിനു ശേഷം കൊന്നുകളഞ്ഞു പൈസ എണ്ണി വാങ്ങുന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് കോഴിക്കോട് നിന്നും പുറത്തുവന്നത് . ഈ ക്രൂര സ്വഭാവത്തോടെയുള്ള വന്ധ്യംകരണം ചെയ്യുന്നത് ഒരു വക്കിലും മകനും ചേർന്നാണ്. കോഴിക്കോട് DHO യും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും കമ്മീഷൻ പറ്റികൊണ്ട് ഈ കൊള്ളക്ക് കൂട്ടുനിൽക്കുകയായിരുന്നു.

സാധാരണ ഒരു പട്ടിയെ പിടിച്ചു കൊല്ലുന്നതിന് 50 രൂപയായിരുന്നു കൂലി ഇപ്പോൾ വന്ധ്യംകരണം നടത്തുന്നു എന്ന വ്യാജേന കൊല്ലുന്നതിന് ഒരു പട്ടിക്ക് 2000 രൂപ വീതമാണ് സർക്കാർ ഖജനാവിൽ നിന്നും അടിച്ചുമാറ്റുന്നത്. ഒരു വർഷത്തോളമായി പ്രവർത്തിച്ചുവരുന്നു എന്നു പറയുന്ന ഒരു കടലാസ് സംഘടന (fake organization) നിയമവിരുദ്ധമായി  നായകൾക്കുള്ള വന്ധ്യംകരണ പ്രോജക്റ്റ് ഏറ്റെടുത്ത് ABC യുടെ മറവിൽ നായകളെ കൊന്നു ലക്ഷങ്ങൾ തട്ടുകയായിരുന്നു. ഇവരെപ്പോലുള്ള ക്രിമിനലുകളും വ്യാജ സംഘടനകളും യഥാർത്ഥ സഹജീവി സ്നേഹികളെപ്പോലും സംശയത്തിൻറെ നിഴലിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ.