Fri. Mar 29th, 2024

നഗരത്തിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വിതരണത്തിന് തയ്യാറായിരുന്ന പതിനായിരക്കണക്കിന് കിലോ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും റെയ്ഡില്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ നോണ്‍ -വെജ് ഭക്ഷണത്തോട് ഭൂരിഭാഗം ആളുകളും വിട പറഞ്ഞു. നഗരത്തിനടുത്തുളള രാജ്ബസാറില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പൂച്ചകളുടേയും പട്ടികളുടേയും ശവശരീരമുള്‍പ്പെടെ 20000 കിലോ കേടായ ഇറച്ചിയാണ് കണ്ടെത്തിയത്.

നഗരപ്രാന്തത്തിലെ മാലിന്യമലയില്‍ നിന്ന് ശേഖരിച്ചവയും ഇതിലുള്‍പ്പെടുന്നു. വിവധ നഗരങ്ങളിലെ ഹോട്ടലുകളിലേക്കും റെസ്റ്റൊറന്റുകളിലേക്കും വിതരണത്തിന് തയ്യാറാക്കി വെച്ച നിലയിലായിരുന്നു പിടച്ചെടുത്ത മൃഗാവശിഷ്ടങ്ങള്‍. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാവടക്കം 10 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബംഗാളില്‍ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലേക്കും കൂടാതെ നേപ്പാള്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് വിതരണം ചെയ്ത് വന്നിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് പോലീസ് രഹസ്യ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. വാര്‍ത്ത പരന്നതോടെ ആളുകള്‍ കൂട്ടത്തോടെ റെസ്റ്റൊറന്‍റുകള്‍ വിട്ടു. വരുന്നവര്‍ക്കാകട്ടെ വെജിറ്റേറിയന്‍ ഭക്ഷണമേ വേണ്ടു എന്ന സ്ഥിതിയുമാണ്.

ബംഗാള്‍,ബിഹാര്‍,ഒഡീഷ,ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ചത്ത മൃഗങ്ങളെ ഇവിടെ എത്തിക്കാറുണ്ടെന്നും കൊല്‍ക്കൊത്ത പോലീസ് വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ അംഗീകാരമുള്ള കടകളില്‍ നിന്ന് മാത്രമെ മാംസം വാങ്ങാവു എന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റൊറന്റ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ കൊല്‍ക്കൊത്തയിലെ ഭക്ഷണ ശാലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.