വിദേശവനതി ലിഗയുടെ ദുരൂഹ മരണത്തില്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയില്‍ വിമര്‍ശനം ഉന്നയിച്ച സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ പണപ്പിരിവ് നടത്തിയെന്നപേരിൽ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു. ‘അശ്വതിക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ അന്വേഷണം. ഇല്‍സിയുടെ പരാതി കൊട്ടിയിലിട്ടു’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് തൻറെ പേജിലാണ് റോയ് മാത്യൂ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അശ്വതിയെന്ന സ്ത്രീയെ പോലീസിനെ കൊണ്ട് അധിക്ഷേപിച്ചാലൊന്നും സര്‍ക്കാരിനു മേല്‍ വീണ ലിഗയുടെ രക്തക്കറ മാഞ്ഞുപോവില്ല എന്നും വരാപ്പുഴയിലെ ശ്രീജിത്തിനെ പ്രതിയാക്കി ഇടിച്ചു കൊന്ന പോലെ അശ്വതിയെ കൊലപാതകി ആക്കി ഇടിക്കാതിരുന്നാൽ കൊള്ളാം എന്നും റോയ് മാത്യൂ തുറന്നടിച്ചു.
റോയി മാത്യുവിൻറെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം
അശ്വതിക്കെതിരെ പരാതി കിട്ടിയാൽ ഉടൻ അന്വേഷണം – ഇൽസിയുടെ പരാതി കൊട്ടയിലിട്ടു.
പരാതി കിട്ടിയാൽ അന്വേഷിക്കുന്നതിലെന്താ തെറ്റ്? മടിയിൽ കനമുള്ള വർ പേടിച്ചാ പോരെ, എന്നാണ് സിപിഎമ്മിന്റെ ഭജനപ്പാട്ടുകാരുടെ വായ്ത്താരി. ലിഗയെ കാൺമാനില്ല എന്ന് പരാതി കൊടുക്കാൻ കോവളം പോലീസ് സ്റ്റേഷനിൽ പോയ സഹോദരി ഇൽസക്കുണ്ടായ അനുഭവമാണ് അശ്വതി മാധ്യമങ്ങളോട് പറഞ്ഞതും ഫേസ് ബുക്കിലെഴുതിയതും.
ഇന്നത്തെ മാതൃഭുമി ഇക്കാര്യം അടിവരയിട്ട് എഴുതിയിരിക്കുന്നു.- “സ്റ്റേഷനിൽ ഇൽസ ക്ക് നേരിടേണ്ടി വന്നത് തിക്താനുഭവങ്ങൾ.”
അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടക്കണമെന്ന് വേവലാതി പ്പെടുന്ന ടൂറിസം മന്ത്രി കടകംപള്ളിയൊക്കെ തങ്ങളുടെ കീഴിൽ നടക്കുന്ന സത്യങ്ങൾ തിരിച്ചറിയണം –
ചോദിക്കാനും പറയാനും ആരുമില്ലാത്ത അശ്വതിയെന്ന സ്ത്രീയെ പോലീസിനെ കൊണ്ട് അധിക്ഷേപിച്ചാലൊന്നും സർക്കാരിനു മേൽ വീണ ലീഗയുടെ രക്തക്കറ മാഞ്ഞു പോവില്ല –
ന്യായീകരണങ്ങൾ കൊണ്ട് തുടച്ചു കളയാവുന്ന പാതകമല്ലിത്-
എന്തൊരു വിചിത്രമായ ന്യായീകരണങ്ങൾ!
ഒതളങ്ങ തിന്ന് ചത്തതാണെന്ന് പറഞ്ഞ് ന്യായീകരിച്ച പോലീസാണിപ്പോൾ മാനഭംഗം തടയുന്നതിനിടയിലാണ് കൊല നടന്നതെന്ന് ന്യായീകരിക്കുന്നത്- വരാപ്പുഴയിലെ ശ്രീജിത്തിനെ പ്രതിയാക്കി ഇടിച്ചു കൊന്ന പോലെഅശ്വതിയെ കൊലപാതകി ആക്കി ഇടിക്കാതിരുന്നാ കൊള്ളാം –