Fri. Apr 19th, 2024

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിനെ റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വരാപ്പുഴ എസ്.ഐ ദീപക്കിനെ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വൈകുന്നേരം അഞ്ചരയോടെ ജഡ്ജിയുടെ വീട്ടില്‍ എത്തിച്ചാണ് ദീപക്കിനെ റിമാന്‍ഡ് ചെയ്തത്. ഇയാളുടെ ജാമ്യാമപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

കൊലക്കുറ്റം ചുമത്തിയാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. ദീപക്കിനെ നാലാം പ്രതിയായാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. വെള്ളിയാഴ്ച ആലുവ പോലീസ് €ബില്‍ വിളിച്ചു വരുത്തി ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ.ജി എസ്. ശ്രീജിത്ത് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് ദീപക്കിനെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ എസ്.ഐ ദീപക്ക് മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന മറ്റ് പ്രതികളുടെ മൊഴി ഏറെ നിര്‍ണ്ണായകമായി.

ദീപക്കിന്റെ അറസ്്‌റ്റോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്ത കളമശേരി എ.ആര്‍ ക്യാംപിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവര്‍ റിമാന്‍ഡിലാണ്. ആലുവ റൂറല്‍ എസ്.പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളാണ് മൂവരും. എന്നാല്‍ തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചിരുന്നു. തങ്ങളുടെ അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനാണെന്നും ശ്രീജിത്ത് ആര്‍.ടി.എഫിന്റെ വാഹനത്തില്‍ കയറിയിട്ടില്ലെന്നുമാണ് ഇവരുടെ അവകാശവാദം