Sat. Nov 21st, 2026

ഡിങ്കോയിസ്റ്റുകള്‍ക്കും മായാവിസ്റ്റുകൾക്കും കണി വെക്കാമോ? എന്ന് ഇന്നലെമുതൽ ഇരുവിഭാഗങ്ങളിലേയും പല ഭക്തരും ചോദിച്ചുകൊണ്ടിരിക്കുന്നതിനാൽ അക്കാര്യത്തിൽ ഒരു വ്യക്തത വരുത്താനാണ് ഈ കുറിപ്പ്.

“ഡിഷ്യും.. ഡിഷ്യൂം.. ” എന്ന ശബ്ദത്തോടെ പ്രപഞ്ചനാഥൻ ദുഷ്ടശക്തികളെ ഇടിച്ചു തകർത്തതിന്റെ ഓർമ്മ പുതുക്കലാണ് ഡിഷു ആഘോഷം എന്ന് വിശുദ്ധ ബാലമംഗളത്തിലും വിശുദ്ധ ബാലരമയിലും പറയുന്നുണ്ടെങ്കിലും മായാവിസ്റ്റുകൾ ത്രയേക ദൈവ വിശ്വാസികൾ ആയതിനാൽ ഇത് ആചരിക്കേണ്ടതില്ല എന്നാണ് അഖിലലോക മായാവിസ്റ്റ് തിരു സഭ, മധ്യകേരള മഹാ ഇടവക അദ്ധ്യക്ഷൻ സിഫിലിസ് മാർ ഗോണോറിയസ് തൃതീയൻ മെത്രാപ്പോലീത്ത അറിയിച്ചത്.

എന്നാൽ ഡിങ്കോയിസ്റ്റുകൾ ആ ഡിഷ്യും.. ഡിഷ്യും ശബ്ദം പടക്കം പൊട്ടിച്ചും കണി വെച്ചും ആചരിച്ചുവരുന്നതായി അഖിലലോക ഡിങ്കമത ന്ത്രികൾ: കരണ്ടരര് മൂഷികരര് ഫിലിപ്പരര് ഡിങ്കരര് അറിയിച്ചു. തോന്നിയതുപോലെ കണിവെച്ചിട്ട് പടക്കംപൊട്ടിച്ചിട്ട് കാര്യമില്ലെന്നും യഥാവിധിയുള്ള ആചാരമനുസരിച്ച് അത് ചെയ്താലേ ഡിങ്കൻ പ്രസാദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

“കണിയാ കെണിയാസ്യ വര്‍ജ്ജിത…
കെണി രഹിത കണിയാ പൂജിതാ…
വിഷമോ കപ്പ പൂളെയാ……
തേങ്ങാപൂളോ ചതുര്‍ഥ്യത”””’………. ഹ!.”

അതായത് കെണി ആയേക്കാവുന്ന കണി എല്ലാം വര്‍ജ്യം ആണെന്നും കെണി അല്ലാത്ത കണി എല്ലാം പൂജിതമാണെന്നും, വിഷം വെച്ച കപ്പ പൂളോ തേങ്ങാ പൂളോ പൊറുക്കാനാവാത്ത അപരാധം ആണെന്നും തന്ത്ര വിധി മുറ പ്രകാരം വി: ബാലമംഗളം പറയുന്നു.

“സൂര്യനോ ചന്ദ്രനോ ബുധനോ ശനിയോ രാശിയോ രാഹുവോ രാശസ്യ….
കെണിയോ ദിനമോ സമര്‍പ്പണഹ…!
ക്യോം കണി ഹാ….ദിന ഹാ…!

അതായത് സൂര്യനോ ചന്ദ്രനോ ബുധനോ രാശിയോ രാഹുവോ എന്ന വ്യത്യാസം ഇല്ലാതെ എന്നും കെണി വെക്കാന്‍ മറക്കാത്ത മനുഷ്യര്‍ക്ക്‌ കണി വെക്കാന്‍ മാത്രംഎന്തിനാണ് ഇങ്ങനെ ദിനം നോക്കുന്നത് എന്തിനെന്ന് ഡിങ്ക ഭഗവാന്‍ ചോദിക്കുന്നു.

“ദിനമോ വെച്ചിടാം കണി…
കെണിയോ മാര്‍ജാര പൂജിതം”

എന്നാണ് നുമ്മടെ വി: ബാലമംഗളത്തിന്റെ ആദ്യകാല ഏടുകള്‍ പറയുന്നത്.

അതിന്‍ പ്രകാരം കെണി അല്ലാത്ത ഏതു കണിയും ഭഗവാനും ഭക്തര്‍ക്കും പത്ത്യമാണ്….

കണിയില്‍ കെണി ഉണ്ടാവരുതെന്നുസാരം…..!

മറ്റു വസ്തു വഹകള്‍ താഴെ പ്പറയുന്നു.

‘നാണയം വേണ്ടാ…
പകരം നോട്ടാവം…
ഭഗവാനു കരളാന്‍ അതാണ് ഇഷ്ടം….’

‘ഉണക്കമീന്‍ കണിയില്‍ വെക്കാം വര്‍ജ്യ മല്ല’ എന്നു വി: ബാലമംഗളം പറയുന്നു. പക്ഷെ’മുള്ള് കുറവുള്ളതാണ് ഉചിതം….’

ചുവന്ന ജെട്ടി പഴയതോ പുതിയതോ നിവര്‍ത്തിയോ മടക്കിയോ വെക്കാവുന്നതാണ്.

ഒരുകാരണവശാലും തേങ്ങാ മുറിക്കാതെ വെക്കരുത്……..

ഡിങ്കഭഗവാന് മുഴുവന്‍ തേങ്ങാ കിട്ടിയിട്ട്
ഒരു കാര്യോം ഇല്ലാ…!

സ്വര്‍ണമാല സ്വര്‍ണ മോതിരം എന്നിവ സ്വന്തം റിസ്കില്‍ വെക്കുന്നതാണ് ഉചിതം. ആരെങ്കിലും അടിച്ചോണ്ട് പോയിട്ട് ഭഗവാന്‍ കണ്ടു പിടിച്ചു തരണം .,.തരും… എന്നു വിശ്വാസിക്കുന്നതില്‍ യുക്തി ഇല്ലാ!

അര്‍ദ്ധരാത്രി ആവാന്‍ കാത്തു നില്‍ക്കാതെ കണി നേരത്തെ വെക്കാന്‍ ഭകതര്‍ ശ്രദ്ധിക്കുക…

‘ഭഗവാന്‍ ഏതു സമയത്തും അവേയ്ലബിളാണ് …..’

മറ്റു വിശ്വാസികളെ പ്പൊലെ കണി ഒരുക്കി വെച്ച ശേഷം അതു വലിയ ഉരുളി കൊണ്ടു മൂടാതിരിക്കാന്‍ ഭകതര്‍ ശ്രദ്ധിക്കണം….!

കണി വെച്ച വസ്തുക്കള്‍ എടുത്ത് പിറ്റേന്ന് എടുത്ത് കറി വെക്കുന്ന ഉടായിപ്പ് ഡിങ്ക ഭകതര്‍ ചെയ്യാന്‍ പാടില്ല!

കൊടുത്തത് കണി ആയാലും കെണി ആയാലും ഭഗവാന് കൊടുക്കുന്നത് ഭഗവാന് തന്നേ!

ചക്ക, കപ്പ, തേങ്ങാ( കൊത്തിയത്), ബിസ്കറ്റ്, കേക്ക്, ഉണക്കമീന്‍ തുടങ്ങിയവയാല്‍ സംപുഷ്ടമയിരിക്കണം കണി…..

കണ്ണാടി കണ്ട് ഭഗവാന്‍ പേടിച്ചോടാതിരിക്കാന്‍ കണ്ണാടി തിരിച്ച് വെക്കുന്നതാണ് ഉചിതം….

ഭഗവാന് കാണിക്ക ചതുര്‍ഥി ആയതിനാല്‍ കാണിക്ക പൂജാരിക്കോ ഡിങ്ക മത പണ്ഡിതര്‍ക്കോ സമ്മാനിക്കേണ്ടതാണ്.

എന്നു വി ബാലമംഗളം പറയുന്നു…!

കാണിക്ക അര്‍പ്പിക്കാന്‍ അഗ്രഹിക്കുന്ന ഭക്തര്‍ക്ക് അക്കൗണ്ട്‌ നമ്പര്‍ അയച്ചു തരുന്നതാണ്……!

ഓം ഡിങ്കഹി………

ആചാര്യാ പാദമാധത്തെ……
പാദം ശിഷ്യ സ്വമേധയാ……
പാദം കാലക്രമേണചാ…..
ഓം ഡിങ്കഹി ഡിങ്ക ഹി
എല്ലാ ഡിങ്ക ഭകതര്‍ക്കും ഡിഷു ആശംസകള്‍!

അഖില ലോക ഡിങ്കമത തന്ത്രികളുടെ ‘ഡിങ്കതന്ത്ര സമുച്ചയം’, ‘പങ്കിലക്കാട്ട് പച്ച’ തുടങ്ങിയ കൃതികൾ റഫർ ചെയ്ത് ആധികാരികമായി തയാറാക്കിയ കുറിപ്പാണ് ഇത്, വരും വര്ഷങ്ങളിലെങ്കിലും ഡിങ്കഭക്തർക്ക് ഉപകാരപ്പെടട്ടെ.
എല്ലാ ഡിങ്ക ഭകതര്‍ക്കും ഡിഷു ആശംസകള്‍!