Tue. Apr 23rd, 2024

കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരായായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കി. ഹര്‍ത്താലിന് വാട്‌സാപ് വഴി പ്രചാരണം നടത്തിയവരെയും കസ്റ്റഡിയില്‍ എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സ് അപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ പൂര്‍ണ വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മൂവായിവരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ഫോണ്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും വയനാട് പൊലീസ് പ്രസ് റിലീസില്‍ അറിയിച്ചു. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ ഇലക്ട്രോണിക്‌സ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇപ്പോള്‍ ആരോപണ വിധേയമായിരിക്കുന്നവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.