Tue. Apr 23rd, 2024

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്ത ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തു. വടക്കന്‍ കേരളത്തിലെ 5 ജില്ലകളിലായിരുന്നു വ്യാപക അക്രമം. പാലക്കാട് 250 ഉം മലപ്പുറത്ത് 131 ഉം കണ്ണൂരില്‍ 169 ഉം കാസര്‍കോട്ട് 104 ഉം കോഴിക്കോട്ട് 200 ഉം വയനാട്ടില്‍ 41 പേരുമാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസുകള്‍. സംഘടിത അക്രമത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. കാസര്‍കോട്ടെ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വാട്‌സ് ആപ്, ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തെക്കുറിച്ചും അന്വേഷിക്കും.

പിടിയിലായവരില്‍ അധികവും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെങ്കിലും ആക്രമണങ്ങള്‍ സംശയാസ്പദമാമെണെന്നായിരുന്നു എസ് ഡി പി ഐ നേതൃത്വത്തിന്റെ പ്രതികരണം. അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.എന്നാല്‍ ആവശ്യത്തിന് മുന്‍കരുതല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നാണ് ആക്ഷേപം. കത്വ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള ഹര്‍ത്താല്‍ ആഹ്വാനം .

പ്രഖ്യാപിച്ചതാരെന്ന് വ്യക്തമല്ലാത്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെകുറിച്ച് വിശദമായ അന്വേഷണത്തിന് രഹസ്യാന്വേഷണ വിഭാഗത്തിന് ഡിജിപി നിര്‍ദേശം നല്‍കി. അക്രമങ്ങളില്‍ അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും എസ് ഡി പി ഐ പ്രവര്‍ത്തകരെന്ന് പൊലീസ്. വടക്കന്‍ കേരളത്തില്‍ മാത്രം 600 ല്‍ അധികം പേരാണ് അറസ്റ്റിലായത്.ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ വ്യക്തികളോ സംഘടനകളോ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.