Thu. Apr 18th, 2024

കശ്മീരില്‍ സംഘപരിവാര്‍ അരും കൊല ചെയ്ത ആസിഫയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ബിജെപി എംപി സുരേഷ് ഗോപി. ആസിഫയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖര്‍ ഇന്നലെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ കുമ്മനം പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് സ്വന്തം പാര്‍ട്ടിയിലെ എംപി തന്നെ കുമ്മനത്തിനെ വെട്ടിലാക്കിയിരിക്കുന്നത്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഫോട്ടോ കുമ്മനം 2016 ല്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. ഇതിന്റെ നാണക്കേട് മാറും മുമ്പാണ് കുമ്മനം വീണ്ടും നാണംകെട്ടിരിക്കുന്നത്.

ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നുമായിരുന്നു കുമ്മനത്തിന്റെ ആരോപണം.

സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മകളെ ,
ഇന്ത്യക്ക് വേണ്ടി മാപ്പ് ചോദിക്കട്ടെ…
മനസ്സും ശരീരവും തളരുന്നു…
എന്റെ മകളെ ഞാന്‍ ഒരു നിമിഷം അവിടെ പ്രതിഷ്ഠിക്കട്ടെ…
നമ്മളെല്ലാവരും സ്വന്തം മകളെ ഈ സ്ഥാനത്ത് കാണുക..!!

മകളെ ,
ഹൃദയം നുറുങ്ങുന്ന വേദനയോടെ
ഞാന്‍ നിന്നോട് മാപ്പ് ചോദിക്കട്ടെ…
മനുഷ്യത്വം നശിച്ചു പോയവര്‍ക്ക് മാപ്പില്ല എന്ന്
നെഞ്ചില്‍തൊട്ട് പ്രതിജ്ഞയെടുത്ത്
അവളുടെ ജീവനോട് നമുക്ക് ഐക്യപ്പെടാം…!!