Sun. Nov 22nd, 2026

ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുബം രംഗത്തെത്തി. സംഭവം വിവാദമായതിനെ തുടർന്ന് രാജിവച്ച കാശ്മീർ മന്ത്രി സഭയിലെ വനം വകുപ്പ് മന്ത്രി ലാൽ സിംഗ്, വാണിജ്യ വകുപ്പ് മന്ത്രി ചന്ദ്ര പ്രകാശ് ഗംഗ എന്നിവർക്കെതിര കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ബലാത്സംഗത്തിലും കൊലപാതകത്തിലും ഇന്നലെ രാജിവച്ച മന്ത്രിമാർക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് ആസിഫയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർക്ക് പങ്കുള്ളതിനാലാണ് അവർ രാജിവച്ചത്. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ മകളെ കൊന്നവർക്കെതിരായി നടപടി വേണം, അവർ കഠിന ശിക്ഷ അർഹിക്കുന്നു, കുറ്റവാളികളെ സഹായിക്കുന്ന മന്ത്രിമാർക്കെതിരെ കുറഞ്ഞത് ഒരു എഫ്.ഐ.ആർ എങ്കിലും ചുമത്തണം’- ആസിഫയുടെ പിതാവ് പറഞ്ഞു.

കുറച്ച് ദിവസങ്ങൾ മുമ്പാണ് ആസിഫ ബാനു എന്ന എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിയും രണ്ട് പൊലീസുകാരുമുൾപ്പെടുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നത്. കേസിലുൾപ്പെട്ട പ്രായപൂർത്തിയാവാത്ത ഒരു പ്രതിയെ തന്റെ ആഗ്രഹ പൂർത്തീകരണത്തിനായി ഉത്തർപ്രദേശിലെ മീറത്തിൽ നിന്നും ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഒരാഴ്ചയോളം ഇവിടെ സൂക്ഷിച്ചിരുന്ന പെൺകുട്ടിയെ ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നും ജമ്മുകാശ്മീർ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക് ത മഞ്ച് എന്ന സംഘടന നടത്തിയ റാലിയെ അഭിസംബോധന ചെയ്താണ് രണ്ട് മന്ത്രിമാരും പങ്കെടുത്തത്. ഇതിനെ തുടർന്ന് സംസ്ഥാന ബി.ജെ.പി ഘടകത്തിനും സർക്കാരിനനുമെതിരെ വൻ പ്രതിഷേധമാണ് അലയടിച്ചത്.