Sun. Nov 22nd, 2026

വ്യാജ മെഡിക്കൽ രേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന മുൻ ഡി.ജി.പി ടി.പി.സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെൻകുമാറിനെതിരെ കേസെടുത്തത് നിയവിരുദ്ധമായിട്ടാണെന്നും, സ്റ്റേഷൻ ഹൗസ് ഓഫീസറെ കൊണ്ട് നിർബന്ധിപ്പിച്ച് കേസെടുക്കുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എട്ടു മാസത്തെ അവധി കാലയളവിൽ മുഴുവൻ വേതനവും ലഭിക്കാൻ ടി.പി സെൻകുമാർ വ്യാജരേഖ ചമച്ചവെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രിമിനൽ ചട്ടപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് സെക്രട്ടറി നളിനി നെറ്റോ നിർദ്ദേശം നൽകിയത്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് 2016 ജൂൺ ഒന്ന് മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ അവധിയിലായിരുന്നു. ഇക്കാലത്ത് അർദ്ധ വേതന അവധി എടുക്കുന്നതിനായി സെൻകുമാർ നൽകിയ അപേക്ഷകൾ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ഇത് പരിവർത്തിത അവധിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് അദ്ദേഹം സർക്കാരിന് കത്തു നൽകി. അതിനോടൊപ്പം ഗവ. ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു സർക്കാരിന്റെ ആരോപണം.