Fri. Mar 29th, 2024

ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണമെന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. എഴുന്നള്ളത്തിനായുള്ള ആനയെ തെരഞ്ഞെടുക്കുന്നതിലും വീഴ്ചയുണ്ടെന്നും കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആന ഇടഞ്ഞാലുള്ള അപകട സാധ്യത കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട ജില്ലാ ജഡ്ജി ആണ് കാലകാലങ്ങളില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്നത്. ശബരിമലയിലെ ആന എഴുന്നള്ളത്ത് ഒഴിവാക്കണം എന്നാണ് കമ്മീഷണര്‍ റിപോര്‍ട്ടില്‍ പറയുന്നത്. ആന എഴുന്നള്ളത്തിനിടെ ആന ഇടയുന്നത് മൂലം അപകട സാധ്യതകളുണ്ട്. എഴുന്നള്ളത്തിനിടെ ലേസര്‍ രശ്മികള്‍ പതിച്ചാല്‍ ആന ഇടയാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ തവണ എഴുന്നള്ളത്തിനിടെ വിഗ്രഹം താഴെ വീണു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ആചാരത്തിന്റെ ഭാഗമായാണ് ആനയെ എഴുന്നെള്ളിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനോട് വിശദീകരണം തേടി. റിപ്പോര്‍ട്ടിന്മേലുള്ള വിശദീകരണം ലഭിച്ച ശേഷം ഹര്‍ജി മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കും.