Sat. Nov 21st, 2026

കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ലെന്ന് പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി കരുണാ മെഡിക്കല്‍ കോളേജിനെയും വിദ്യാര്‍ത്ഥികളെയും കരകയറ്റാന്‍ കാരുണ്യപൂര്‍വം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിര്‍ക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങള്‍. ഇത്തവണ അതുണ്ടായില്ല. കോണ്‍ഗ്രസും ലീഗും ബിജെപിയും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും പിസി ജോര്‍ജ്ജും വരെ ബില്ലിനെ അനുകൂലിച്ചു. വിടി ബല്‍റാം ചില തടസവാദങ്ങള്‍ ഉന്നയിച്ചു എങ്കിലും രമേശ്ജി കണ്ണുരുട്ടിയപ്പോള്‍ അടങ്ങി. അങ്ങനെ കാരുണ്യ സഹായ ബില്ല് സര്‍വ്വസമ്മതമായി പാസായി.ജയസങ്കര്‍ പരിഹസിക്കുന്നു.

എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കാറുളളൂ.യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതില്‍ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോള്‍ എല്‍ഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം.കേരള സര്‍ക്കാരിനെയും നിയമസഭയെയും പടച്ചതമ്പുരാന്‍ അനുഗ്രഹിക്കും. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും സദ്ബുദ്ധി തോന്നിക്കട്ടെ. ജയശങ്കര്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

അന്നത്തിനും പഞ്ഞമില്ല
സ്വര്‍ണത്തിനും പഞ്ഞമില്ല
മണ്ണിതില്‍ കരുണയ്ക്കാണു പഞ്ഞം.. (പി ഭാസ്‌കരന്‍ എഴുതിയ പഴയൊരു സിനിമാ ഗാനം)

കേരള സര്‍ക്കാരിനും നിയമസഭയ്ക്കും മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല. കണ്ണൂര്‍ അഞ്ചരക്കണ്ടി കരുണാ മെഡിക്കല്‍ കോളേജിനെയും വിദ്യാര്‍ത്ഥികളെയും കരകയറ്റാന്‍ കാരുണ്യപൂര്‍വം പാസാക്കിയ നിയമം തന്നെ ഉത്തമ ദൃഷ്ടാന്തം.

ഇതേ വിഷയത്തില്‍ നേരത്തെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിനെ കഠിനമായി വിമര്‍ശിച്ചതുമാണ്. അതൊന്നും വകവെക്കാതെയാണ് ആരോഗ്യ മന്ത്രി നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ മൊത്തമായി എതിര്‍ക്കുന്നവരാണ് പ്രതിപക്ഷ അംഗങ്ങള്‍. ഇത്തവണ അതുണ്ടായില്ല. കോണ്‍ഗ്രസും ലീഗും ബിജെപിയും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും പിസി ജോര്‍ജും വരെ ബില്ലിനെ അനുകൂലിച്ചു. വിടി ബലറാം ചില തടസവാദങ്ങള്‍ ഉന്നയിച്ചു എങ്കിലും രമേശ്ജി കണ്ണുരുട്ടിയപ്പോള്‍ അടങ്ങി. അങ്ങനെ കാരുണ്യ സഹായ ബില്ല് സര്‍വ്വസമ്മതമായി പാസായി.

എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമേ ഇത്രയും ഐക്യം ഭരണ പ്രതിപക്ഷ കക്ഷികള്‍ പ്രകടിപ്പിക്കാറുളളൂ.

യുഡിഎഫ് സര്‍ക്കാരാണ് ഇതുപോലെ കാരുണ്യം കാണിച്ചതെങ്കില്‍ കേരളം കത്തുമായിരുന്നു എന്നു കരുതുന്നവരുണ്ട്. അതില്‍ കുറച്ചു കാര്യവുമുണ്ട്. ഏതായാലും ഇപ്പോള്‍ എല്‍ഡിഎഫ് ഭരണമാണ്. കാരുണ്യ വാരിധികളാണ് മുഖ്യനും ആരോഗ്യ മന്ത്രിണിയും. നല്ലകാര്യം.

കേരള സര്‍ക്കാരിനെയും നിയമസഭയെയും പടച്ചതമ്പുരാന്‍ അനുഗ്രഹിക്കും. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും സദ്ബുദ്ധി തോന്നിക്കട്ടെ.

സുപ്രീം കോടതി വിധി വന്നശേഷം അദ്ദേഹം വീണ്ടും ഫെയ്‌സ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു

തോറ്റു കൊടുക്കാൻ തയ്യാറല്ല…

കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിൻമാറുകയില്ല.

ഓർഡിനൻസേ സ്റ്റേ ചെയ്തിട്ടുളളൂ. നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകുംവരെ സമരത്തോടു സമരമായിരിക്കും.

ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും. പാസായി വരുമ്പോൾ സർക്കാരാസ്പത്രിയിൽ നിയമിക്കും.

ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങൾ തകർക്കാനാണ് ജഡ്ജിമാർ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സിപിഎം നോട്ടീസ് കൊടുത്തതിൻ്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.

# കോഴക്കോളേജുകൾക്കൊപ്പം.