രാജഗുരുവിനെ ആര്‍എസ്എസുകാരനാക്കി ചിത്രീകരിക്കാനുള്ള സംഘപരിവാർ നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി അദ്ദേഹത്തിൻറെ മക്കളും കൊച്ചുമകളും കുടുംബാങ്ങങ്ങളും രംഗത്ത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയായുഗ പ്രമുഖ വിപ്‌ളവകാരിയുമായ രാജഗുരുവിനെ അങ്ങിനെ ആര്‍എസ്എസ് തട്ടിയെടുക്കാന്‍ നോക്കേണ്ടെന്ന് കുടുംബം. രാജഗുരുവിനെ ആര്‍എസ്എസുകാരനാക്കി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് എതിരേയാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തെ അങ്ങിനെ ഒരു പ്രസ്ഥാനത്തിന്റെ ചട്ടക്കൂടില്‍ ഒതുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്ന് രാജഗുരുവിന്റെ മക്കളും ചെറുമക്കളും വ്യക്തമാക്കി
ആര്‍എസ്എസ് അനുഭാവിയും മാധ്യമപ്രവര്‍ത്തകനുമായ നരേന്ദര്‍ സെഗാളിന്റെ പുസ്തകത്തില്‍ രാജഗുരുവിനെ സ്വയം സേവകനായി ചിത്രീകരിച്ചതാണ് കുടുംബത്തെ ചൊടിപ്പിച്ചത്. ഇതിനെതിരേയാണ് രാജഗുരുവിന്റെ കുടുംബം രംഗത്ത് വന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്‌ളവകാരി ഭഗത്സിംഗിന്റെ സമകാലീകനാണ് രാജഗുരു. അതേസമയം അദ്ദേഹം നാഗ്പൂരില്‍ രഹസ്യമായി കഴിയാന്‍ ആവശ്യമായ സഹായങ്ങള്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ചെയ്തു കൊടുത്തിരിക്കാം എന്ന സാധ്യതയെ തള്ളിക്കളയാന്‍ കഴിയില്ലെന്നും കുടുംബം പറയുന്നു.
രാജഗുരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നതിന് ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹം പോലും ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. നാഗ്പൂരില്‍ ആര്‍എസ്എസ് സഹായം സ്വീകരിച്ചിരിക്കാമെങ്കിലൂം ഏതാനും നാള്‍ മാത്രമാണ് രാജഗുരു അവിടെ തങ്ങിയിട്ടുള്ളത്. രാജ്യമൊട്ടാകെ ഒരു വിപ്‌ളവകാരിയുടെ പരിവേഷമുള്ളയാളെ ഒരു പ്രത്യേക സംഘടനയുടെ തൊഴുത്തില്‍ ആരും കെട്ടേണ്ടെന്നും കുടുംബം പറയുന്നു.