ഡോ. ഹരികുമാർ വിജയലക്ഷ്മി
സ്വാതന്ത്ര്യ സമരത്തെ എതിര്‍ത്ത ആര്‍എസ്എസ് ദേശസ്നേഹം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതിനെ പൊതുസമൂഹം പുശ്ചിക്കാൻ തുടങ്ങിയതോടെ സ്വാതന്ത്യ സമര സേനാനികളെ തെരഞ്ഞുപിടിച്ചു മിസ് കോൾ അടിച്ചു മെമ്പർഷിപ്പ് കൊടുത്തകൊണ്ടിരിക്കുകയാണ് ഇപ്പോൾ.ഏറ്റവും അവസാനം അവർ രാജ് ഗുരുവിന് മെമ്പർഷിപ്പ് കൊടുത്തിരിക്കുകയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ഭഗത് സിങ്ങിനും സുഖ്ദേവിനുമൊപ്പം കഴുമരത്തിലേറിയ രാജ് ഗുരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്നാണ് പുതിയ അവകാശവാദം. മുന്‍ ആര്.എസ്.എസ്. പ്രചാരകനും പത്രപ്രവര്‍ത്തകനുമായ നരേന്ദ്ര സിങ് സഹ്ഗല്‍ എഴുതിയ ‘ ഭാരത് വര്‍ഷ് കി സര്വംഗ് സ്വതന്ത്രത’ (ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം) എന്ന പുസ്തകത്തിലാണ് ഈ അവകാശവാദം.
സ്വാതന്ത്ര്യസമരത്തില്‍ ആര്.എസ്.എസോ അതിന്റെ പ്രവര്‍ത്തകരോ സജീവമായി പങ്കെടുത്തിരുന്നില്ലെന്ന പ്രചാരണത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ഈ അവകാശവാദം. ആര്.എസ്.എസ്.മേധാവി മോഹന്‍ ഭാഗവത് ആണ് പുസ്തകത്തിന് അവതാരികയെഴുതിയത്.

സ്വയം സേവകരായ സ്വാതന്ത്ര്യ സമരസേനാനികള്‍ എന്ന അധ്യായത്തിലാണ് രാജ് ഗുരുവിനെ പരാമര്‍ശിക്കുന്നത്. ‘മൊഹിതെ ബാഗ് ശാഖയില്‍ സ്വയംസേവകനായിരുന്നു രാജ് ഗുരു. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന് ജെ.പി. സാന്ഡേഴ്സനെ വധിച്ചശേഷം രാജ് ഗുരു നാഗ്പുരിലെ ആര്.എസ്.എസ്. ആസ്ഥാനത്തെത്തിയിരുന്നുവെന്നും അവിടെ ഒളിവില്‍ താമസിക്കാന്‍ ആര്.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗേവാര്‍ ഒരു വീടു സംഘടിപ്പിച്ചുകൊടുത്തിരുന്നുവെന്നും പുസ്തകത്തില്‍ അവകാശപ്പെടുന്നു.
സാന്‍ഡേഴ്സണെ വധിച്ച കുറ്റത്തിനു ഭഗത് സിങ്, രാജ് ഗുരു , സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് ഹെഡ്ഗേവാര്‍ ദുഃഖിതനായിരുന്നു. ‘ അവരുടെ ത്യാഗം വെറുതെയാവില്ലെന്നായിരുന്നു സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമെന്നും പുസ്തകത്തില്‍ പറയുന്നു.
എന്നാല്‍ അവകാശവാദങ്ങളെ നിരുപാധികം തള്ളി കളഞ്ഞ് പ്രമുഖ ചരിത്രകാരന് ആദിത്യ മുഖര്‍ജി രംഗത്തെത്തിയിരുന്നു. ”ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമായ പ്രതീകത്തെ തങ്ങളുടേതാക്കി മാറ്റാനുള്ള ആര്.എസ്.എസിന്റെ ശ്രമമാണിതെന്നും ബി.ആര്. അംബേദ്കറെയും സ്വാമിവിവേകാനന്ദനെയും ബാലഗംഗാധര തിലകനെയും സ്വന്തമാക്കാനും ഇവര്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഭഗത് സിങ്ങിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കുറിച്ചുള്ള രേഖകള്‍’ എന്ന പുസ്തകത്തിന്റെ എഡിറ്ററും ജെ.എന്‍.യു.വിലെ ചരിത്രവിഭാഗം പ്രൊഫസറുമായ ചമന്‍ ലാലും പുസ്തകത്തിലെ അവകാശവാദങ്ങളെ വിമര്‍ശിച്ചിരുന്നു. ‘നേരത്തേയവര്‍ അവകാശപ്പെട്ടത് ഭഗത് സിങ്ങിന് അവരുമായി ബന്ധമുണ്ടെന്നാണ്. എന്നാല്‍ ഭഗത് സിങ്ങിനോ, രാജ്ഗുരവിനോ ആര്.എസ്.എസുമായി ബന്ധമുണ്ട് എന്നതിന് ഒരു തെളിവുമില്ലെന്നും അവരുടെ സഹപ്രവര്‍ത്തകര്‍ എഴുതിയ ജീവചരിത്രക്കുറിപ്പുകളില്‍ ഒന്നിലും ഇതേകുറിച്ച് സൂചനയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, ചരിത്രവസ്തുതകളെ ആസ്പദമാക്കിയുള്ളതാണെന്ന് തന്റെ പുസ്തകമെന്ന് സഹ്ഗല്‍ പറയുന്നു. ”ഇത്തരം കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ആര്.എസ്.എസ്. അതൊന്നും രേഖപ്പെടുത്തിവെക്കാത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആര്‍എസ്എസും ഇന്ത്യന്‍ സ്വാതന്ത്യസമരവും തമ്മിലുള്ള ബന്ധമെന്ത് എന്നു ചോദിച്ചാല്‍ അവര്‍ നേരത്തെ ആകെ പറയുക സവര്‍ക്കറുടെ പേരായിരുന്നു . ഹിന്ദുമഹാസഭയുടെ രൂപീകരണാനന്തരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിട്ടുണ്ടോ? ഇല്ല എന്നത് സംശയരഹിതമായ കാര്യം. സവര്‍ക്കറുടെ കണ്ണില്‍ ഹിന്ദുവിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ മുഗള്‍ഭരണവും മുസ്ലീങ്ങളും തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ശത്രുക്കളായ മുഗളരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ ശത്രുവിന്റെ ശത്രുബന്ധു എന്ന ന്യായേന സവര്‍ക്കറുടെ സഖ്യശക്തികളായിരുന്നു.

1942ലെ ക്വിറ്റിന്ത്യാസമരകാലത്ത് പ്രാദേശികഭരണസമിതികളിലെയും നിയമനിര്മ്മാണസഭകളിലെയും ഹിന്ദുമഹാസഭ അംഗങ്ങള്‍ സ്വന്തം തസ്തികകളില്‍ തുടരുകയും സ്വാഭാവിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയുമാണ് ചെയ്യേണ്ടത് എന്ന് ആഹ്വാനം ചെയ്തയാളാണ് സവര്‍ക്കര്‍. മാത്രമല്ല ആ സമയത്ത് രൂക്ഷമായ മുസ്ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കാനും ഹിന്ദുത്വത്തെ സൈനികവത്കരിക്കാനും ആഹ്വാനം ചെയ്ത സവര്‍ക്കര്‍ ബ്രിട്ടീഷുകാരുമായി സഹകരണാത്മക പാതയില്‍ സഞ്ചരിക്കുകയാണ് ചെയ്തത്. ആര് എസ് എസിന് രൂപം കൊടുത്ത ഹെഗ്ഡേവാറാവട്ടെ കോണ്‍ഗ്രസില്‍ പ്രവര്ത്തിച്ചുവന്നിരുന്നയാളാണെങ്കിലും ആര് എസ് എസ് രൂപീകരണത്തോടെ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്.
1920കളുടെ തുടക്കത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനമാണ് എല്ലാവിഭാഗം ജനങ്ങളെയും സ്വാതന്ത്ര്യ സമരത്തില്‍ അണിനിരത്തുന്നതില്‍ വന്‍വിജയം നേടിയത്. ഗാന്ധിജിയും കോണ്‍ഗ്രസും സമരം പിന്‍വലിക്കുകയും സമരരംഗത്തുനിന്ന് പിന്മാറുകയും ചെയ്തു. ഏറെ ആവേശമുണര്‍ത്തിയ ആ സമരപങ്കാളിത്തത്തെ കുറിച്ച് നിന്ദാസൂചകമായ പരാമര്‍ശമാണ് ഹെഡ്ഗേവാറില്‍ നിന്നുണ്ടായത്. ”മഹാത്മാഗാന്ധിയുടെ നിസ്സഹകരണ സമരം മൂലം (ദേശീയതയ്ക്കു വേണ്ടിയുള്ള) രാജ്യത്തെ ആവേശം തണുത്തുറയുകയും ആ പ്രസ്ഥാനം ഉണര്‍ത്തിവിട്ട സാമൂഹ്യജീവിതത്തിലെ ദുഷ്ടശക്തികള്‍ തലയുയര്‍ത്തുകയും അത് ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. നിസ്സഹകരണത്തിന്റെ പാലുകുടിച്ചു വളര്‍ന്ന യവനസര്‍പ്പങ്ങള്‍ അവയുടെ വിഷം നിറഞ്ഞ സീല്ക്കാരങ്ങള് കൊണ്ട് രാജ്യത്ത് ലഹളകള്‍ കെട്ടഴിച്ചുവിടുകയും ചെയ്തു” എന്നാണ് വിസ്സഹകരണസമരത്തിന്റെ അനന്തരഫലത്തെ കുറിച്ചുള്ള ഹെഡ്ഗേവാറുടെ വിലയിരുത്തല്‍. (ദിഷികര്‍ 1979 പേജ് 7)
1927ല്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം വീണ്ടും മുന്നേറ്റത്തിന്റെതായ പാതയിലെത്തി. സൈമണ്‍ കമ്മീഷനുനേരെ നടന്ന പ്രഷോഭത്തിന്റെ ഫലമായിരുന്നു അത്. എന്നാല്‍ ആര്‍എസ്എസ് ആ പ്രഷോഭത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും നാഗ്പൂരില്‍ വെച്ച് അതിന്റെ പ്രധാന പ്രവര്‍ത്തകര്‍ക്കായി പരീശീലന ക്യാമ്പ് നടത്തുകയുമാണ് അക്കാലത്ത് ചെയ്തത്. മാത്രമല്ല 1927ല്‍ നാഗ്പൂരില്‍ ആര് എസ് എസ് മുന്‍കൈയില്‍ ഒരു വര്‍ഗീയലഹളയും സംഘടിപ്പിക്കപ്പെട്ടു.
1930ലെ പൂര്‍ണ്ണസ്വരാജ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തപ്പോഴും ആര്‍എസ്എസിനെ എവിടെയും കാണാനുണ്ടായിരുന്നില്ല. 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനം ആചരിക്കുന്നതിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തപ്പോള്‍ കാവിക്കൊടി ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാചരണം നടത്തുന്നതിനാണ് ആര്‍എസ്എസ് ശാഖകളോട് ഹെഡ്ഗേവാര്‍ ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരപ്പോരാളികളും കൊളോണിയല്‍ പോലീസും തമ്മില്‍ പലേടത്തും ഏറ്റുമുട്ടലുകളുണ്ടായെങ്കിലും ഒരിടത്തും ദണ്ഡുമായി ഒരൊറ്റ ആര് എസ് എസുകാരനെയും കാണാനുണ്ടായിരുന്നില്ല.
1940ലാണ് ഹെഡ്ഗേവാറില്‍ നിന്ന് ഗോള്‍വാള്‍ക്കര്‍ സര് സംഘ് ചാലക് പദവി ഏറ്റെടുക്കുന്നത്. അതോടെ മുസ്ലിം വിരുദ്ധ- ബ്രിട്ടീഷ് അനുകൂല നിലപാട് കൂടുതല്‍ ശക്തിപ്പെട്ടു. ”പൊതുവായ ശത്രുവിനെയും ഭൂപ്രദേശപരമായ ദേശീയതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ആണ് ഇന്ന് രാഷ്ട്രം സംബന്ധിച്ച നമ്മുടെ സങ്കല്പത്തിന് അടിത്തറയായിരിക്കുന്നത് എന്നത് ഹിന്ദുരാഷ്ട്രമെന്നതിന്റെ ക്രിയാത്മകതയും ആവേശകരമായ ഉള്ളടക്കവും ചോര്‍ത്തിക്കളയുകയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ വെറും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമാക്കിത്തീര്ക്കുകയും ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹവും ദേശീയതയുമായി സമീകരിച്ചിരിക്കുന്നു. ഈ പിന്തിരിപ്പന് കാഴ്ചപ്പാടിന് മൊത്തം സ്വാതന്ത്ര്യസമരപോരാട്ടത്തിലും അതിന്റെ നേതാക്കളിലും സാധാരണ ജനങ്ങളിലും വരെ ദോഷകരമായ ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയുന്നുണ്ട്.” (ഗോള്‍വാള്‍ക്കര്‍ പേജ് 142-143-1966)
ദേശീയതയെയും ദേശസ്നേഹത്തെയും കുറിച്ചുള്ള ആര്‍എസ്എസ് കാഴ്ചപ്പാടാണിത് വ്യക്തമാക്കുന്നത്.കൊളോണിയല്‍ നുകം വലിച്ചെറിയുന്നതിനുവേണ്ടി, സ്വാതന്ത്ര്യസമരം ആളിക്കത്തുമ്പോള്‍ ആണ് ബ്രിട്ടീഷ് വിരുദ്ധതയെ തള്ളിപ്പറയാന്‍ ഹെഡ്ഗേവാര്‍ തയ്യാറാവുന്നത്. ആര് എസ് എസ് അവരുടെ ദേശീയവാദപരവും ദേശസ്നേഹപരവുമായ എല്ലാ സമരങ്ങളുടെയും കുന്തമുനതിരിച്ചുവെക്കുന്നത് ഇസ്ലാമിക മേധാവിത്വത്തിന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ക്കു നേരെയാണ്. അവസാന മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിനെതിരായി ശിവജി നടത്തിയ യുദ്ധത്തോടെ അവരുടെ ചരിത്രം അവസാനിക്കുകയാണ്. ബ്രിട്ടീഷ് മേധാവിത്വത്തിന് മുഗള്‍ ഭരണത്തെ അപ്രസക്തമാക്കാന് കഴിഞ്ഞുവെന്ന് കാണുന്ന ആര് എസ് എസ് ബ്രിട്ടീഷുകാരെ ഹിന്ദുക്കളുടെ സഖ്യശക്തിയായാണ് കണ്ടത്.
അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിനകത്ത് ഹിന്ദു-മുസ്ലിം ഭിന്നിപ്പുണ്ടാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാനാണ് ആര് എസ് എസ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ 1940-41കാലത്തെ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിലൊ, 1942ലെ ക്വിറ്റിന്ത്യാസമരത്തിലൊ, 1947ലെ നാവികകലാപത്തിലൊ, ഐ എന്‍ എ പോരാളികളെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള സമരത്തിലൊ, ഒന്നുംതന്നെ ആര് എസ് എസ് ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ത്രിവര്‍ണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചതിനും ഇന്ത്യന്‍ ഭരണഘടനയ്ക്കുതന്നെയും എതിരായിരുന്നു അവര്‍. അവരാണിപ്പോള്‍ ദേശസ്നേഹം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.