Sun. Jul 26th, 2026

മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വച്ചവർ 2984 പേർ മാത്രം. കോളം പൂരിപ്പിക്കാത്തവരെയും മതരഹിതരായി കണക്കാക്കി. ഐ.ടി അറ്റ്സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഫേസ്ബുക്ക് പേജിലാണ് പുതിയ കണക്ക്. ജാതിയും മതവും വേണ്ടെന്ന് വെച്ച് സ്കൂൾ പ്രവേശനം നേടിയവർ ഒന്നേകാൽ ലക്ഷം പേർ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി സഭയിൽ വച്ച കണക്ക്.

ജാതിക്കോളം ഒഴിച്ചിട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമാണ് നിയമസഭയില്‍ നല്‍കിയതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സോഫ്റ്റ്‌വെയറിലുള്ള വിദ്യാര്‍ത്ഥികളുടെ കണക്കാണ് താന്‍ സഭയില്‍ അവതരിപ്പിച്ചത്. ജാതിക്കോളം ഒഴിച്ചിട്ടതില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ലെന്ന് അതിന് അര്‍ഥമില്ലെന്നും അദേഹം പറഞ്ഞു. കണക്കില്‍ പിഴവുണ്ടെങ്കില്‍ അത് തിരുത്തുമെന്നും ഇക്കാര്യ പരിശോധിക്കാന്‍ ഡിപിഐമാരോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. കുട്ടികളിലെ ജാതിമത കണക്കുകളിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നീക്കം. നിയമസഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.സി ജോസഫാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

മതവും, ജാതിയും രേഖപ്പെടുത്താതെ ഒന്നേകാര്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സ്‌കൂളുകളില്‍ പ്രവേശനം നേടിയതെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. 9,209 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്കാണ് 1,24,147 വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ആണ് നിയമസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്ന് വാദം ഉയര്‍ന്നിരുന്നു.