Fri. Mar 29th, 2024

വിക്ടോറിയാ കോളേജിന് പിന്നാലെ മറ്റൊരു കോളേജ് പ്രിന്‍സിപ്പലിന് കൂടി എസ്എഫ്ഐ ശവമടക്ക് നടത്തി. കാസറഗോഡ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്എഫ്‌ഐയുടെ കാടത്തം. യാത്രയയപ്പു ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലായ പിവി പുഷ്പജയാണ് ദുരനുഭവത്തിന് ഇരയായത്. വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് പരിപാടി ഒരുക്കിയത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ എന്നും ഒരു ദുരന്തം ഒഴിയുന്നു ക്യാമ്പസ് സ്വതന്ത്രമായി നെഹ്രുവിന് ശാപമോക്ഷം എന്നാണ് പോസ്റ്റര്‍ എഴുതി പതിച്ചത്.

പതിവായി ക്ലാസ്സില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായ പുഷ്പജയെ ഉപരോധിച്ച് കൊണ്ട് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. എന്നാല്‍ സംഘടനയുടെ താല്‍പ്പര്യത്തിനും ഭീഷണിക്കും വഴങ്ങാതെ പ്രിന്‍സിപ്പല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതാകാം വിദ്യാര്‍ത്ഥി സംഘടനയുടെ പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധിത പിരിവെടുത്ത് മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്യുകയുമുണ്ടായി.

പാലക്കാട് വിക്ടാറിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. ടി.എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മ്മിച്ച് എസ്എഫ്‌ഐ കാട്ടിയ കാടത്തം വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും സംഭവിച്ചിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ നേരത്തേ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്‌ഐ വന്‍ പുലിവാല് പിടിച്ചിരുന്നു