Tue. Apr 23rd, 2024

സിറോ മലബാർ സഭയുടെ അങ്കമാലി രൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിന് സർക്കാരിനെ രൂക്ഷമായ വിമർശിച്ച ഹൈക്കോടതി,​ ഹർജിയിലെ തുടർനർപടികൾ അവസാനിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും കേസെടുക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് കമാൽ പാഷ ചോദിച്ചു. ഉത്തരവിന് അടുത്ത ദിവസം തന്നെ കേസെടുക്കാമായിരുന്നില്ലേയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.

കോടതി വിധികളോടുള്ള സർക്കാരിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. കോടതിയോടുള്ള സർക്കാരിന്റെ ഈ നിലപാട് ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ,​ അവധി ദിവസം ആയതിനാലാണ് കേസെടുക്കാൻ വൈകിയതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. അവധി ദിവസം കേസെടുക്കാൻ പാടില്ല എന്നുണ്ടോയെന്നായിരുന്നു ഇതിനോട് കോടതിയുടെ ചോദ്യം. സർക്കാരിന്റെ നടപടിയിൽ കടുത്ത അതൃപ്തിയുണ്ടെന്നും എന്നാൽ നടപടി എടുക്കുന്നില്ലെന്നും പറഞ്ഞ് കോടതി തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

ഈ മാസം 12നാണ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വഞ്ചന എന്നീ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.കുസാറ്റിലെ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോഷ്വ പുതുവ, ആർച്ച് ബിഷപ് ഹൗസിലെ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സാജു വർഗീസ് എന്നിവരാണ് യഥാക്രമം മറ്റ് പ്രതികൾ.

സിംഗിൾ ബെഞ്ച് ഉത്തരവ് വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും കേസെടുക്കാൻ വൈകുന്നത് അപ്പീലിന് അവസരമൊരുക്കാനാണെന്ന ആരോപണമുണ്ടായി. സിവിൽ സ്വഭാവമുള്ളതായതിനാൽ തിടുക്കപ്പെട്ട് കേസെടുക്കാനാവില്ലെന്നായിരുന്നു പൊലീസ് നിലപാട്. കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശം ഇന്നലെ ലഭിച്ചു. ഇതോടെയാണ് എറണാകുളം സെൻട്രൽ സി.ഐ അനന്തലാൽ കേസ് രജിസ്റ്റർ ചെയ്തത്.