Sat. Nov 21st, 2026

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ കേസിലെ ഒന്നാം പ്രതിയാകുമെന്ന് കര്‍ണാടക പൊലീസ്. കസ്റ്റഡിയിലുള്ള കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി വധത്തില്‍ ഒന്നാം പ്രതിയാണെന്നും അതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസ് അന്വേഷണത്തിലുണ്ടായ സുപ്രധാന കണ്ടെത്തലുകളും മറ്റ് വിശദാംശങ്ങളും സീല്‍ ചെയ്ത കവറില്‍ പൊലീസ് കോടതിയില്‍ ഏല്‍പ്പിച്ചു. ഗൗരിയുടെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന നവീനില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഫെബ്രുവരി 19-നാണ് മജിസ്റ്റിക് ബസ് ടെര്‍മിനല്‍ പരിസരത്തുവെച്ച് നവീന്‍ കുമാറിനെ അറസ്റ്റു ചെയ്യുന്നത്. 15 വെടിയുണ്ടകള്‍ ഉള്‍പ്പെടെ തോക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അറസ്റ്റിലായ കെടി നവീന്‍ കുമാറിനെ ഗോവയിലേക്കും ബെല്‍ഗാമിലേക്കും കൊണ്ടുപോകും. അഞ്ചു ദിവസത്തെ അധിക കസ്റ്റഡിയിലാണ് നവീന്‍ കുമാര്‍. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായി നവീന്‍ പോയ സ്ഥലങ്ങളാണ് ഗോവയും ബെല്‍ഗാമും. ബംഗളൂരു സിറ്റി കോടതിയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഇതിനുള്ള അനുമതി നല്‍കിയത്.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥയുമായി നവീന്‍ കുമാറിന് ബന്ധമുണ്ട് എന്നതും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെപ്പറ്റി നിലനിന്നിരുന്ന ഊഹങ്ങള്‍ ശരിവെക്കുന്നു. 2015ല്‍ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതും നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള, സമാനമായ രീതിയിലുള്ള കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സനാതന്‍ സന്‍സ്ഥയുടെ പങ്ക് ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഈ മൂന്നുപേരെയും കൊലപ്പെടുത്തിയ അതേ തോക്കുകൊണ്ടാണ് കൊലപ്പെടുത്തിയത് എന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം കഴിഞ്ഞ് ആറുമാസത്തോളം ആയ ശേഷമാണ് ആദ്യത്തെ അറസ്റ്റ് നടക്കുന്നത്.

ബജ്‌റംഗ് ദളിന്റെ ഭാഗമായ സംഘടനയാണ് ഹിന്ദു യുവസേന. മദ്ദുര്‍ സ്വദേശിയും മുപ്പത്തിയേഴുകാരനുമായ നവീന്‍ കുമാര്‍ പ്രാദേശിക യുവാക്കളുടെ ബോസ് ആണ്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥയുമായി നവീന്‍ കുമാറിന് ബന്ധമുണ്ട്.
എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു നവീന്‍ കുമാര്‍. വെടിയുണ്ടകളുമായി ബംഗളൂരു മജസ്റ്റിക് ബസ് സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട നവീന്‍ കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

മംഗലാപുരം സ്വദേശിയാണ് കൊലപാതകത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും ജൂലൈ മുതല്‍ ഓഗസ്റ്റ് പകുതിവരെ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നും നവീന്‍ കുമാര്‍ വെളിപ്പെടുത്തി. ഗൂഢാലോചന വെളിപ്പെടുത്താന്‍ നവീന്‍ കുമാറിനെ ഗോവയിലേക്കും കര്‍ണാടകത്തിലെ തന്നെ ബെല്‍ഗാമിലേക്കും കൊണ്ടുപോകാന്‍ കസ്റ്റഡി നീട്ടണമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ നിര്‍മല റാണി കോടതിയെ അറിയിച്ചു. ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലാത്ത നവീന്‍ കുമാറിന്റെ സഹായിയായ പ്രവീണിനും കൊലപാതകത്തില്‍ പ്രധാന പ്രതിയാകുമെന്നും നിര്‍മല റാണി പറഞ്ഞു.

എന്നാല്‍, ഒരു വേര്‍ഷനില്‍ ഉറച്ചുനില്‍ക്കാത്ത സാഹചര്യത്തില്‍ നവീന്‍ കുമാറിനെ നുണ പരിശോധന, ബ്രെയിന്‍ മാപ്പിങ്, വോയ്‌സ് സാംപ്ലിങ് പരിശോധനകള്‍ക്ക് വിധേയമാക്കണം എന്നും കോടതിയോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. നാര്‍കോ ടെസ്റ്റിന് സമ്മതമാണെന്ന് നവീന്‍ കുമാര്‍ പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചതിന്റെ തെളിവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, കോടതിയില്‍ വെച്ച് നവീന്‍ കുമാര്‍ അത് നിരസിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ കോടതി മാര്‍ച്ച് 15ന് പ്രതികരിക്കും. നവീന്‍ കുമാറിന് നിയമസഹായം നല്‍കാനായി ഹിന്ദു അഭിഭാഷകരുടെ സംഘടനയായ ഹിന്ദു വിധിദ്‌ന്യാ പരിഷത് തലവന്‍ വീരേന്ദ്ര ഇച്ചല്‍കരഞ്ജികാര്‍ ബംഗളൂരുവിലെത്തിയിട്ടുണ്ട്. സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ളതാണ് ഈ അഭിഭാഷക സംഘടന.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍. ആര്‍ നഗറിലെ സ്വന്തം വീട്ടില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ ഇവിടെ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കില്‍ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.