Sun. Nov 22nd, 2026

കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. കേസ് ഡയറി പോലും പരിശോധിക്കാതെയാണ് ജസ്റ്റിസ് കമാൽ പാഷയുടെ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നാണ് സർക്കാർ പ്രധനമായും ഉന്നയിക്കുന്നത്.

സി.ബി.ഐ ഡയറക്ടർക്ക് കേസ് കൈമാറുന്നതിന് സിംഗിൾ ബഞ്ചിന് അധികാരമില്ലെന്നും ഇത് കോടതി ചട്ടങ്ങൾക്ക് എതിരാണെന്നും അപ്പീലിൽ ചൂണ്ടി കാട്ടുന്നു. ഷുഹൈബിന്റെ കൊലപാതകം കഴിഞ്ഞിട്ട് 25 ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടയിൽ കേസിലെ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്.

ഫലപ്രദമായ അന്വേഷണം ഉത്തരമേഖലാ എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ നടക്കുകയാണ്. ആ സാഹചര്യത്തിൽ കേസ് സി.ബി.ഐക്ക് കൈമാറിയിരിക്കുന്ന സിംഗിൾ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.